Sunday 6 September 2015

കേള്‍വിക്കാരില്ലാത്തപ്പോഴാണ് പലപ്പോഴും എനിക്ക് മനസ്സ് തുറക്കാന്‍ കഴിഞ്ഞത്... ഇപ്പോളും മറ്റാരും കേള്‍കില്ലെന്ന വിശ്വാസമാണ് വാക്കുകള്‍ക്കു ജീവന്‍...  കൂടെ നില്‍ക്കുമെന്ന്‍ വാക്ക് പറഞ്ഞവരും പറയാതെ ഞാന്‍ അങ്ങനെ വിശ്വസിച്ചവരും ഒക്കെ സ്വപ്നമായിരുനെന്ന യാതാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു.... പലപ്പോഴും അവഗണിക്കപെട്ട ഒന്നായിരുന്നല്ലോ എന്‍റെ പ്രണയം പോലും... കാലം ഊറ്റിയെടുത്തതാകാം എന്നില്‍ നിന്ന്‍ പ്രണയത്തെ... അവഗണന ഓരോതവണയും  ആഴത്തില്‍ മുറിപ്പെടുത്തുന്നുണ്ട്... ഒരു ചിറകിന്റെ നനുത്ത ചൂടുള്ള  കരുതലിനായി മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്... മനസ്സറിയുന്ന ഒരാളോട് മനസ്സ് തുറക്കാന്‍... എന്നെ കാത്തിരിക്കുന്ന ഒരാള്‍ക്ക് മുന്‍പിലേക്ക് ഓടി എത്താന്‍ എല്ലാം...കാലം എനിക്കായി കാത്തു വെച്ചത് എന്തൊക്കെയാണാവോ... യാത്രകള്‍ അവസാനിക്കുന്നിടത്ത് കാത്തിരിക്കാന്‍ ഒരാളില്ലെന്ന തിരിച്ചറിവ് പലപ്പോഴും മടുപ്പികുന്നതാണ്...  തനിച്ചായി പോകുക എന്നത് പുതുമയല്ലെങ്കിലും ചിലപ്പോളൊക്കെ തോന്നും കൂട്ടിനൊരാളുണ്ടെങ്കില്‍ എന്ന്...

Saturday 1 November 2014

ഋഷ്യശൃംഗന്‍റെ നാട്ടിലേക്ക്...


ശൃംഗേരി- തുംഗാ നദീ തീരത്തെ പുണ്യ ഭൂമി...അദ്വൈതത്തിന്‍റെ ആദ്യ തീരം... എങ്കിലും ശൃംഗേരി ആദ്യം കൊണ്ട് വന്ന ഓര്‍മ്മ ഋഷ്യശൃംഗന്‍റെ ആയിരുന്നു.. വൈശാലി എന്ന സിനിമയിലെ നിഷ്കളങ്കനായ ആ ഋഷി കുമാരന്‍റെ.. പിന്നെ, വൈശാലി എന്നയാ ദേവദാസിയുടെയും... ഋഷ്യശൃംഗന്‍റെ പാദസ്പര്‍ശത്താല്‍ രാജ്യത്ത് മഴ പെയ്തെങ്കിലും വൈശാലിക്ക് രാജാവ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപെട്ടില്ല.. നിഷ്കരുണം രാജ്യവും രാജാവും തള്ളികളഞ്ഞ വൈശാലിയുടെ കണ്ണീര്‍ മഴയില്‍ അലിഞ്ഞു ചേരുമ്പോള്‍ സിനിമ അവസാനിക്കുന്നു.. പക്ഷെ സിനിമ ബാക്കി വെച്ച ഒരുപാട് ചോദ്യങ്ങള്‍ കാഴ്ചക്കാരന്‍റെ ഉള്ളില്‍ എന്നെയ്ക്കുമെന്ന പോലെ ഉത്തരം കിട്ടാതെ അവശേഷിച്ചു.. ഓരോ തവണ കണ്ടപ്പോളും നിറഞ്ഞ കണ്ണുമായി  ആള്‍ക്കൂട്ടത്തിലെങ്ങോ മാഞ്ഞു പോകുന്ന വൈശാലി എന്നെ വേദനിപ്പിച്ചിരുന്നു.. വൈശാലിക്കായി വിധി കാത്തുവെച്ചത് എന്തായിരുന്നെന്ന്‍ അറിയില്ല.. ഒരുപക്ഷെ മറ്റു ദേവദാസികളെ പോലെ വൈശാലിയും...... പൂര്‍ത്തികരിക്കാതെ പാതിയില്‍ നിര്‍ത്തുന്നത് കഥ അങ്ങനെ ആകാതിരിക്കട്ടെ എന്ന  പ്രാര്‍ഥനയോടെയാണ്... രാജ്യത്ത് മഴ പെയ്യിക്കുക എന്ന ദൗത്യത്തിനപ്പുറം വൈശാലിക്ക് പ്രസക്തി ഇല്ലായിരുന്നല്ലോ.. പക്ഷെ ഋഷ്യശൃംഗന്‍റെ കഥ സിനിമയ്ക്ക് അപ്പുറവും തുടര്‍ന്നിരുന്നു...ദശരഥ മഹാരാജാവിന്‍റെ പുത്രകാമേഷ്ടി യാഗത്തില്‍ പങ്കെടുത്ത  ഋഷ്യശൃംഗനെ കുറിച്ച് പുരാണത്തില്‍ പരാമര്‍ശമുണ്ട്.. രാജ്യവും രാജകുമാരിയും കൈവന്നപ്പോള്‍  ഋഷ്യശൃംഗന്‍ വൈശാലിയെ തേടിയിരുന്നുവോ? അറിയില്ല... പക്ഷെ കൈവന്ന സൌഭാഗ്യങ്ങളൊക്കെ വിട്ട് ആ ഋഷി കുമാരന്‍ വീണ്ടും തന്‍റെ കാനനത്തിലെക്ക് മടങ്ങി... അവിടെ നിന്ന്‍ അദ്ദേഹം മോക്ഷം പ്രാപിച്ചു.. ഋഷ്യശൃംഗന്‍റെ കഥ അവിടെ പൂര്‍ത്തിയാകുന്നു എങ്കിലും വൈശാലി എന്ന ചോദ്യം  ഉത്തരം കിട്ടാതെ അവശേഷിച്ചു...
 വിഭാന്‍ഡക മഹര്‍ഷിയും  ഋഷ്യശൃംഗനും ജീവിച്ച ആ കാനനമാണ് ശൃംഗേരി.. സ്ത്രീ സംസര്‍ഗം അറിയിക്കാതെ മഹര്‍ഷി തന്‍റെ പുത്രനെ വളര്‍ത്തിയത് ഇവിടെയാണ്‌.. മഴ കനിവു കാട്ടാതെ വരള്‍ച്ചയില്‍ തന്‍റെ രാജ്യം ക്ഷയിക്കുന്നതിനൊരു പരിഹാരം തേടിയ രാജാവിനോട് സ്ത്രീ സ്പര്‍ശമേല്‍ക്കാത്ത ഋഷി കുമാരന്‍ യാഗം നടത്തിയാലെ രാജ്യത്ത് മഴ പെയ്യു എന്ന് പുരോഹിതന്‍ അറിയിച്ചു.. രോമപാദ രാജാവിന്‍റെ നിര്‍ദേശപ്രകാരം കുമാരനെ കൊണ്ട് വരാനുള്ള ചുമതല വൈശാലി ഏറ്റെടുത്തു..  അന്ന്‍   തോഴിമാരോടൊത്ത് വൈശാലി വന്നത് ഈ വനത്തിലേക്കാണ്.. പിന്നെ എല്ലാം ഉപേക്ഷിച്ച്  താപസ ജീവിതത്തിലേക്ക് ഋഷ്യശൃംഗന്‍ തിരിച്ചു വന്നതും ഇവിടേക്ക് തന്നെ.... ശൃംഗേരി എന്ന പേരു പോലും ഋഷ്യശൃംഗന്‍റെ ഓര്‍മ്മ..!

മൂകാംബികയ്ക്കും ധര്‍മ്മസ്ഥലയ്ക്കും ഒപ്പം യാത്രയില്‍ ചേര്‍ക്കാം ശൃംഗേരിയെ.. ശൃംഗേരി മാത്രമായാണ് പോകേണ്ടതെങ്കില്‍ അങ്ങനെ.. എങ്ങനെ പോയാലും കാഴ്ചകളും അനുഭവങ്ങളും നിരാശപ്പെടുത്തില്ല.. ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ കാണാം മലരു വില്‍ക്കാനിരിക്കുന്നവരെ... ക്ഷേത്രത്തിനകത്ത് കടന്നപോള്‍ ആണ് മലര്‍ എന്തിനാണെന്ന്‍ മനസിലായത്...തുംഗാ നദിയിലെ മീനുകള്‍ക്ക് ഉള്ളതാണത്... ക്ഷേത്രത്തിനകത്തായത്  കൊണ്ട് ഈ മീനുകളെ പിടിക്കാറില്ല... അസാമാന്യമായ വലുപ്പമാണ് എല്ലാത്തിനും.. ക്ഷേത്രത്തിലേക്ക് വരുന്നവരെല്ലാം മലരും കൊണ്ടാണ് വരിക...മലരിട്ടു കൊടുക്കുമ്പോള്‍ വെള്ളത്തെക്കാള്‍ കൂടുതലാണെന്ന് തോന്നിക്കുംപോലെ മീനുകള്‍ കൂട്ടമായി വരുന്നു... ശാന്തമെന്ന്‍ തോന്നുമെങ്കിലും അപകടകാരിയാണ് തുംഗ.. അടിയൊഴുക്ക് നന്നായുണ്ട്..കല്‍പടവുകളിറങ്ങി മീനുകള്‍ക്ക് മലരും കൊടുത്ത ശേഷമാണ് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് കടന്നത്.. കൊത്തുപണികളുടെ വിസ്മയമാണ് ശങ്കരക്ഷേത്രത്തിന്റെ ചുമരുകളിലാകെ...

    നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഈ ക്ഷേത്രങ്ങളൊക്കെ സ്ഥാപിക്കപെടുന്നതിനു മുന്‍പ്, ഇവിടം  ഘോരവനമായിരുന്നു... തന്‍റെ അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരണാര്‍ഥമുള്ള യാത്രകള്‍ക്കിടയില്‍ ശങ്കരാചാര്യര്‍ ഈ വനത്തിലെത്തി.. ഇവിടെയെത്തിയ അദ്ദേഹം വളരെ അപൂര്‍വ്വമായ ഒരു കാഴ്ച കണ്ടു.. ഒരു സര്‍പ്പം ഗര്‍ഭിണിയായ ഒരു തവളയെ തന്‍റെ പത്തിവിടര്‍ത്തി സംരക്ഷിക്കുന്നു.. ബദ്ധശത്രുക്കള്‍ പോലും പരസ്പരം സ്നേഹിക്കുന്ന ഈ സ്ഥലത്തിനു അപൂര്‍വ്വമായ ഒരു പ്രത്യേകത ഉണ്ടെന്ന തിരിച്ചറിവില്‍ ആണ് അദ്ദേഹം തന്‍റെ ആദ്യ മഠം സ്ഥാപിക്കാന്‍ ശൃംഗേരി തെരഞ്ഞെടുക്കുന്നത്... തന്‍റെ ജീവിതത്തിലെ നീണ്ട 12 വര്‍ഷങ്ങളും അദ്ദേഹം ചെലവിട്ടത് ഇവിടെ ആണ്..

ഇന്ന്‍...


മതഭേദങ്ങളുടെ അതിരില്‍ ഒതുങ്ങുന്നിടമല്ല ശൃംഗേരി.. ഇന്നത്തെ ശൃംഗേരിയുടെ ആത്മാവ് ശങ്കാരചാര്യര്‍ ശാരദംബയെ കുടിയിരുത്തിയ ശാരദാംബക്ഷേത്രമാണ്.. ഗുരു പത്നിയായ ശാരദാദേവിയെ ആയിരുന്നു ശങ്കാരചാര്യര്‍ വിജ്ഞാന ദേവതയായി ആരാധിച്ചത്.. ശ്രീ കോവിലിനകത്തെ ശാരദാദേവിയുടെ സ്വര്‍ണ്ണ വിഗ്രഹം അകലെ നിന്നെ കാണാം.. അമൃത കലശവും ജപമാലയും വേദങ്ങളും ചിന്മുദ്രയുമായാണ് ദേവി നില്‍ക്കുന്നത്.. ഗുരു പത്നിയില്‍ തന്നെ വിജ്ഞാന ദേവതയെ കണ്ട ശങ്കരാചാര്യരേ ആദ്യം മനസ്സില്‍ നമിച്ചു.. ക്ഷേത്രത്തിനകത്തായി ഒരു ചില്ലുകൂട്ടില്‍ സംരക്ഷിക്കപെട്ടിട്ടുള്ള സര്‍വജ്ഞ പീടവും പട്ടും കാണാം..
ശാരദാംബക്ഷേത്രത്തെക്കള്‍ വിശാലമാണ് ശങ്കരസ്വാമി ക്ഷേത്രം.. നിറയെ കൊത്തുപണികള്‍... ശിവനാണ് പ്രതിഷ്ട.. ഓംകാരം മുഴങ്ങുന്ന ക്ഷേത്രാങ്കണം...
സമീപത്തായുള്ള പ്രവചന മന്ദിരത്തില്‍ ശ്രീ ശങ്കരന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്...

    ശൃംഗേരിയെ പോലെ ഇത്രയും  ശാന്തമായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്ന് പറയാം.. എന്നെങ്കിലും ഇത് പോലെ വൈശാലിയുടെ കഥയ്ക്കും ഒരു തുടര്‍ച്ച ഉണ്ടാകുമായിരിക്കും എന്ന പ്രതീക്ഷ മനസ്സില്‍ ബാക്കിയായി..

Wednesday 29 October 2014

കുങ്കുമം പടര്‍ന്ന മലനിരകള്‍...



നെയ്തെടുത്ത മനോഹരമായ ഒരു പട്ട് സാരിയില്‍ നിന്ന്‍ കാവിയുടെ അന്തര്‍മുഖതയിലേക്കുള്ള ഒരു മാറ്റം- കാഞ്ചീപുരത്ത് നിന്ന്‍ തിരുവണ്ണാമലയിലേക്കുള്ള യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം..  തിരുവണ്ണാമല ഒരു ക്ഷേത്ര ഗ്രാമമാണ്.. നോക്കുന്നിടത്തെല്ലാം ക്ഷേത്രങ്ങളും കാവി വേഷധാരികളും.. ഈ ഗ്രാമത്തിന്‍റെ ആത്മാവ് മുന്‍പില്‍ തലയെടുപ്പോടെ കാണുന്ന അരുണാചല പര്‍വ്വതമാണ്.. ഒരു സഞ്ചാരിയുടെ മനസ്സോടെ ഇതിനപ്പുറം കടക്കാന്‍ ആകില്ലെന്ന്‍ തന്നെ പറയാം.. ഇനി ഉള്ള കാഴ്ചകള്‍ക്ക്  ഒരുങ്ങേടത് മനസ്സാണ്..
അരുണാചല പര്‍വതങ്ങള്‍ക്ക്  താഴെയായാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ അരുണാചല ക്ഷേത്രം.. നാല് ഗോപുരങ്ങളോട് കൂടിയ വലിയ വിശാലമായ ക്ഷേത്രമാണിത്..ദീപങ്ങളെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ തൃക്കാര്‍ത്തി ക പ്രധാന ദിവസമാണ്..
സാക്ഷാല്‍ ശിവന്‍ തന്നെ ആണിവിടെ പര്‍വ്വതമായുള്ളത് എന്നാണു വിശ്വാസം.. ചുവന്ന പര്‍വ്വതം എന്നാണു അരുണാചല പര്‍വ്വതത്തിന്‍റെ അര്‍ഥം.. ഇതിനു പിറകിലുമുണ്ട് ഒരു കഥ.. ഒരിക്കല്‍ വിഷ്ണുവും ബ്രഹ്മാവുമായി തര്‍ക്കം  നടന്നപ്പോള്‍ അത് പരിഹരിക്കാന്‍ ശിവന്‍ അഗ്നിയായി രൂപമെടുത്തു.. ആ അഗ്നിയില്‍ ഈ പര്‍വ്വതവും ജ്വലിച്ചു.. അങ്ങനെ ഇത് ചുവന്ന പര്‍വ്വതമായി.. ശിവന്‍ പര്‍വ്വതമായി നില്ക്കുന്ന സങ്കല്പം അരുണാചലത്തിന്‍റെത് മാത്രമാകും.. 2668 അടി ഉയരമുള്ള അരുണാചലം കൃത യുഗത്തില്‍ അഗ്നി പര്‍വ്വതവും ത്രേതാ യുഗത്തില്‍ രത്നങ്ങളുടെ മലയും ദ്വാപര യുഗത്തില്‍ സ്വര്‍ണ മലയും കലിയുഗത്തില്‍ മരതക മലയുമാണെന്നാണ് വിശ്വാസം.. വിശ്വാസങ്ങള്‍ എന്തായാലും അരുണാചലം ലോകത്തിന്‍റെ എല്ലാ കോണില്‍ നിന്നും വിശ്വാസികളെ തന്നിലേക്ക് അടുപ്പിക്കുന്നു.. ഈ പര്‍വ്വതത്തില്‍ മാത്രമായി 7 ക്ഷേത്രങ്ങളുണ്ട്.. അനവധി ഗുഹകളും.. ആത്മജ്ഞാനത്തിന്‍റെ കൈവഴികളിലൂടെ സഞ്ചരിച്ച് രമണ മഹര്‍ഷി എത്തിച്ചേര്‍ന്നത് ഈ പര്‍വ്വതനിരകളിലാണ്.. പിന്നീടൊരു മടക്കമുണ്ടായില്ല .. ഇവിടുത്തെ നിശബ്ദതയില്‍ അദ്ദേഹം തപസ്സിരുന്നു.. ഇരുളടഞ്ഞ ഗുഹകള്‍ക്കുള്ളില്‍ ആഴ്ചകളും മാസങ്ങളും നീണ്ട തപസ്സ്.. 7 ക്ഷേത്രങ്ങളിലുള്ള ഗുഹകളും രമണ മഹര്‍ഷി തപസ്സിരുന്നവയാണ്.. ഇന്നും ഈ ഓരോ ഗുഹയിലുമുണ്ടാകും ആത്മശാന്തി തേടി വന്ന സ്വദേശിയോ വിദേശിയോ ആയി ആരെങ്കിലും.. പ്രശസ്തരുണ്ടാകും ചിലപ്പോള്‍ ആ കൂട്ടത്തില്‍.. ചിലപ്പോള്‍ നേരെ മുന്‍പില്‍ കാണുന്ന മുഖം രജനീകാന്തോ ഇളയരാജയോ ആകാം.. ഇവിടെ എത്തുമ്പോള്‍ ആര്‍ക്കും  പിന്നെ വിശേഷണങ്ങള്‍ ഇല്ല.. എല്ലാവരും വരുന്നത് മനശാന്തി തേടിയാണ്.. .ജീവിത പ്രശ്നങ്ങളെ ഇറക്കി വെയ്ക്കാനായാണ്.. ഇവിടെ വലുപ്പ-ചെറുപ്പങ്ങളില്ല.. രമണ മഹര്‍ഷിയുടെ ആശ്രമത്തില്‍ പ്രാര്‍ത്ഥനകളില്ല.. നിശബ്ദത ആണിവിടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം.. ചൂഴ്ന്നു നില്ക്കുന്ന മൌനമാണ് എല്ലായിടത്തും.. ഈ പര്‍വ്വതത്തിന്‍റെ  നിശബ്ദതയില്‍ അലിയാത്ത ദുഃഖം ഉണ്ടാകില്ല.. പര്‍വ്വതത്തിന്‍റെ താഴ്വാരത്തായുള്ള കിണറിലെ ജലം മുലപ്പാല്‍ തീര്‍ത്ഥം  എന്നാണറിയപ്പെടുന്നത്.. ഇതിനടുത്തുള്ളത് മാമര ഗുഹ..എത്തുന്നവരില്‍ കൂടുതലും വിദേശികള്‍ ആണെന്ന്‍ പറയുന്നു ഇവിടുള്ളവര്‍..

മാംഗല്യം തരും ക്ഷേത്രങ്ങള്‍...

ഈ യാത്ര കേരളത്തിലെ ചില ക്ഷേത്രങ്ങളിലൂടെ ആണ്.. തിരഞ്ഞെടുത്ത ക്ഷേത്രങ്ങള്ക്ക്  ഒരു പ്രത്യേകതയും ഉണ്ടായിരുന്നു.. മംഗല്യ ഭാഗ്യത്തിനായി കണ്ടു തൊഴണം എന്ന വിശ്വസിക്കപ്പെടുന്നവയായിരുന്നു എല്ലാം തന്നെ.. വിവാഹപ്രായമായെന്ന തോന്നലില്‍ നിന്നല്ല ഈ യാത്ര ഉറവെടുത്തതെന്ന്‍ ആദ്യമേ പറയട്ടെ.. ഒരു കൌതുകം മാത്രമായിരുന്നു പ്രചോദനം.. ഐതിഹ്യവും കാഴ്ചകളും ഈടും പാവുമായപ്പോള്‍ ഇതും മനസ്സില്‍ ചേര്ത്ത്  വെയ്ക്കാവുന്ന ഒരു അനുഭവമാകുകയായിരുന്നു.. ഏറ്റവും അടുത്തുള്ള ജില്ലയായ മലപ്പുറത്ത് നിന്ന്‍ തന്നെ ആയിരുന്നു തുടക്കം.. അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലേക്ക്..
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം 

കരിങ്കല്ല് പാകിയ തെക്കേ നട കടന്ന്‍ ക്ഷേത്രത്തിലെത്താം.. മുന്പി്ല്‍ കൊടിമരവും വിശാലമായ ക്ഷേത്രാങ്കണവുമായി എല്ലാം മനസ്സില്‍ വരച്ചിട്ട പോലെ കൃത്യം.. ഇവിടുത്തെ പ്രധാന പ്രതിഷ്ട്ട ശിവ-ശക്തി ചൈതന്യമുള്ള ശിവ ലിംഗമാണ്.. മാതൃ ഭാവത്തിലെ ഭദ്രകാളിയും തുല്യ പ്രധാനം തന്നെ.. പക്ഷെ മംഗല്യ ഭാഗ്യത്തിനായി കനിഞ്ഞരുളുന്നത് പാര്‍വതി ദേവിയുടെ മടിയിലായിരിക്കുന്ന ഉണ്ണി ഗണപതിയാണ്..

കഥ ഇങ്ങനെ...

ശിവ ഭക്തനായ മാന്ധാതാവ് രാജാവ് ഒരിക്കല്‍ ശിവ ഭഗവാനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തി തനിക്ക് നിത്യവും പൂജിക്കാന്‍ ഒരു ശിവ ലിംഗം തരണം എന്ന്‍ അപേക്ഷിച്ചു.. മാന്ധാതാവിന്‍റെ ഭക്തിയില്‍ സന്തുഷ്ട്ടനായ ഭഗവാന്‍ പാര്‍വതി ദേവി നിത്യവും പൂജിക്കുന്ന ശിവ ലിംഗമെടുത്ത് രാജാവിനു വരദാനമായി നല്കി.. ശിവ ലിംഗവുമായി പോകവേ തിരുമാന്ധാം കുന്നില്‍ എത്തിയപ്പോള്‍  ഭാരം തോന്നിയ രാജാവ് ശിവ ലിംഗം താഴെ വെക്കുകയും ആ ക്ഷണം തന്നെ അത് ഭൂമിയില്‍ ഉറച്ചു പോകുകയും ചെയ്തു.. താന്‍ നിത്യവും പൂജിക്കുന്ന ശിവ ലിംഗം നല്കിയതില്‍ കോപിഷ്ടയായ ദേവിയോട് ഭക്തനു നല്‍കിയത് തിരിച്ചു വാങ്ങാന്‍ ആകില്ലെന്നും, ദേവിക്ക് ആകുമെങ്കില്‍ വാങ്ങിച്ചു കൊള്ളാനും മഹാദേവന്‍ പറഞ്ഞു.. ദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം ഭദ്രകാളിയും ഭൂത ഗണങ്ങളും ശിവ ലിംഗം വീണ്ടെടുക്കുന്നതിനായി ഇവിടെ എത്തി.. ഉഗ്ര രൂപിയായെത്തിയ ഭദ്രകാളിയെ കണ്ട്  മാന്ധാതാവ് ശിവ ലിംഗം മുറുകെ കെട്ടിപിടിച്ചു.. ഉടനെ അത് രണ്ടായി പിളര്‍ന്ന്‍ പാര്‍വ്വതി സമേതനായി മഹാദേവന്‍ പ്രത്യക്ഷനായി.. മാന്ധതാവിന്‍റെ  ഭക്തിയില്‍ സന്തുഷ്ട്ടയായ ദേവി ഇനി തന്‍റെ ചൈതന്യവും ശിവ ലിംഗത്തില്‍ ഉണ്ടാകുമെന്ന്‍ അറിയിച്ചു..

ഉണ്ണി ഗണപതി പ്രീതിക്കായി..

ഭോജന പ്രിയനാണല്ലോ ഉണ്ണി ഗണപതി.. മംഗല്യ പൂജയ്ക്കായി കദളിപ്പഴവും പായസവും ഉള്‍പെടെയുള്ള ഒന്‍പത് നിവേദ്യങ്ങളാണ് ഉണ്ണി ഗണപതിക്ക് നല്കേണ്ടത്.. മുടങ്ങാതെ 3 വര്‍ഷം പൂജ ചെയ്യണം എന്നതാണ് ചിട്ട.. ഇടയ്ക്ക് വിവാഹം നടന്നാലും പൂജ പൂര്‍ത്തിയാക്കണം.. എന്നാലെ ഇഷ്ട ഫല സിദ്ധി ഉണ്ടാകു.. മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മംഗല്യ പൂജയ്ക്ക് ഉത്തമം.. ഇപ്പോള്‍ ആവശ്യകരുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും നടത്തുന്നുണ്ട്.. മംഗല്യ പൂജ നടത്തിയവര്‍ പടിഞ്ഞാറേ നടയ്ക്കല്‍ തൊഴുത്ത ശേഷം കിഴക്കേ നടയില്‍ നിന്ന്‍ പ്രസാദമായി ലഭിക്കുന്ന വെറ്റിലയും കറുകമാലയും വാങ്ങണം.. കറുക മാല ഇതളുകള്‍ ഓരോന്നായി തലയില്‍ ചൂടുന്നതും പൂജിച്ച വെറ്റില മുറുക്കുന്നതും ഫലം കൊണ്ട് വരുമെന്നാണ് വിശ്വാസം..
മൂലസ്ഥാനത്തെ പ്രതിഷ്ട്ട മാന്ധാതാവിനു ദര്‍ശനം നല്കിയ രീതിയിലെ പിളര്ന്ന  ശിവലിംഗവും ശിവ-പാര്‍വ്വതിമാരുമാണ്.. പടിഞ്ഞാറോട്ട് ദര്‍ശനമായി ഉണ്ണി ഗണപതിയും ഉണ്ട്..

                               കക്കാട് ശ്രീ മഹാ ഗണപതി ക്ഷേത്രം
ഗണപതി പ്രധാന പ്രതിഷ്ടയായുള്ള കേരളത്തിലെ അപൂര്വ്വം  ക്ഷേത്രങ്ങളില്‍ ഒന്നാണ് കക്കാട് മഹാ ഗണപതി ക്ഷേത്രം.. ഗണപതിക്ക് ഒപ്പം തന്നെ പ്രാധാന്യ മുള്ളതാണ് വേട്ടകാരന്‍റെ പ്രതിഷ്ടയും..ഗണപതി പ്രതിഷ്ടയില്‍ തന്നെ ഇടമ്പിരി ഗണപതി വളരെ അപൂര്വ്വമാണ്.. തുമ്പികൈ ഇടത്തോട്ട് തിരിഞ്ഞ ഇവിടുത്തെ ഗണപതി കാര്യ സിദ്ധിക്ക് പ്രശസ്തമാണ്.. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ടൌണിനടുതാണ് കക്കാട് മഹാഗണപതി ക്ഷേത്രം.. ഗണപതി കല്യാണം പോലെ മംഗല്യം നീണ്ടു പോകുന്നവര്ക്ക്  ഇവിടുത്തെ മംഗല്യ പൂജ അതി വിശേഷമാണേന്ന്‍ കരുതപ്പെടുന്നു.. മൂന്നു പൂജകളാണ് ഉള്ളത്.. ആദ്യ പൂജയില്‍ തന്നെ വിവാഹം നടന്നാലും മൂന്നു പൂജകളും നടത്തണം.. ഗണപതിക്ക് പ്രധാനപ്പെട്ട വെള്ളിയാഴ്ചകള്‍ ആണ് മംഗല്യ പൂജയ്ക്ക് ഉത്തമം.. കൂടാതെ നേരുന്ന ആളിന്‍റെ ജന്മ നക്ഷത്രത്തിലും മംഗല്യ പൂജ കഴിക്കാം.. കറുത്ത വാവ് കഴിഞ്ഞുള്ള ചതുര്‍ഥി ദിവസം മംഗല്യ പൂജയ്ക്ക് അതി വിശേഷമായി കരുതപെടുന്നു.. ഇവിടെ മംഗല്യ പൂജയ്ക്ക് ഒപ്പം തന്നെ ഗണപതി ഹോമവും നടത്താറുണ്ട്.. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കെ പൂജ നടത്താന്‍ സാധിക്കു.. ബുക്ക് ചെയ്താല്‍ തന്നെയും ചിലപ്പോള്‍ ദീര്ഘമായ കാത്തിരിപ്പ് വേണ്ടി വരും.. ബുക്ക് ചെയ്‌താല്‍ ലഭ്യമായ തീയതികള്‍ ക്ഷേത്രത്തില്‍ നിന്ന്‍ അറിയിക്കും.. ഇതനുസരിച്ചു ഒരു ദിവസം തെരഞ്ഞെടുക്കാം.. വിവാഹം കഴിഞ്ഞവര്‍ ദീര്‍ഘ മംഗല്യത്തിനായും മംഗല്യ പൂജ ചെയ്യാറുണ്ട്..

Monday 27 October 2014

ചെട്ടിനാട്- ചരിത്രത്തിന്‍റെ കാണാകാഴ്ചകളിലേക്ക് ഒരു യാത്ര


          ഓരോ യാത്രയും ഓരോ അനുഭവമാണ്..കാഴ്ചകളുടെ ഉത്സവം തേടിയുള്ള യാത്രകളില്‍ ഓരോന്നിലും തോന്നാറുണ്ട് അദൃശ്യമായ ചരടിനാല്‍ ഞാന്‍ പണ്ടേ ആ സ്ഥലങ്ങളുമായി ബന്ധിപ്പിക്കപെട്ടിരുന്നു എന്ന്‍... പൊയ്പ്പോയ ജന്മങ്ങള്‍ ബാക്കി വെച്ച കാഴ്ചകള്‍ ആണത്രേ നമ്മെ ഓരോ യാത്രയ്ക്കും പ്രേരിപ്പിക്കുന്നത്.. അതെ, ശരിയാണ്.. ചില സ്ഥലങ്ങള്‍ മുന്‍പെന്നോ വന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.. അത്തരം ഒന്നായിരുന്നു ചെട്ടിനാടും.. ചെട്ടിനാട്ടെ സമ്പന്നരായ പ്രഭുക്കളുടെ കഥകള്‍ കേട്ട് വളര്‍ന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.. ചെട്ടിനാടെന്നാല്‍ എനിക്കന്നൊരു മാന്ത്രിക ലോകമായിരുന്നു.. പറഞ്ഞു കേട്ട കഥകളുടെ കൂടെ എന്‍റെ തന്നെ ഭാവനയും ചേര്‍ന്നപ്പോള്‍ ചെട്ടിനാട്ടെ ഓരോ വീടും എനിക്ക് രാജകൊട്ടാരങ്ങളായി.. ഓരോ കൊട്ടാരത്തിലും ഓരോ രാജാവും അസംഖ്യം രാജകുമാരികളും കുമാരന്മാരും... അലങ്കരിച്ച രഥവും നാട്ടുവഴികളില്‍ പോലും സ്വര്ണുനാണയങ്ങളുടെ കിലുക്കവും.. വര്‍ഷങ്ങള്‍ക്കിപ്പുറം ചെട്ടിനാടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സ് വീണ്ടും ആ കൊച്ചുകുട്ടിയുടെതായിരുന്നു..

        കാരൈകുടി ദേശത്തിന് ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന 75 ഗ്രാമങ്ങളുടെ കൂട്ടമാണ് ചെട്ടിനാട്.. തമിഴ്നാടിന്‍റെ തെക്ക് ഭാഗത്തായുള്ള ശിവഗംഗ ജില്ലയില്‍ ആണ് കാരൈകുടി.. തമിഴ്നാട്ടിലെ കച്ചവട സാമ്രജ്യത്തിന്‍റെ അധിപന്മാരായിരുന്ന ചെട്ടിയാര്‍മാരുടെ ജന്മദേശമായാണ് ചെട്ടിനാട് ഖ്യാതി കേട്ടത്.. പുരാതനമായ കെട്ടിടങ്ങളും ശില്പകല വിളിച്ചോതുന്ന ക്ഷേത്രങ്ങളും.. പ്രശതമായ ചെട്ടിനാട് ഭക്ഷണവും.. അതെ, സഞ്ചാരിക്കായി നല്‍കാന്‍  ചെട്ടിനാടിനു ഒരുപാടുണ്ട്...
  കേരളത്തില്‍ നിന്ന്‍ തുടങ്ങുമ്പോള്‍ തൃച്ചി-രാമേശ്വരം ഹൈവേയിലൂടെ പുതുക്കോട്ടെ വഴിയാണ് പോകേണ്ടത്...പഴനി–മധുര യാത്രയുടെ കൂടെ ആയിരുന്നു ഞങ്ങള്‍ ചെട്ടിനാടും ഉള്‍ക്കൊള്ളിച്ചത്. അങ്ങനെയാകുമ്പോള്‍  മധുരയില്‍ നിന്ന്‍ കിഴക്ക് 80 കി.മീ അകലത്തിലാണ് ചെട്ടിനാട്.. തൃച്ചിയില്‍ നിന്നാണെങ്കില്‍ 82 കി.മീ തെക്കും..
  യാത്രയുടെ ആലസ്യത്തില്‍ ഒന്ന് മയങ്ങിയിരുന്നു.. കണ്ണു തുറന്നത് കാഴ്ച്ചകളിലെക്കായിരുന്നു.. മനസ്സില്‍ ഞാന്‍ കണ്ട ചെട്ടിനാടായിരുന്നില്ല അത്.. സങ്കല്‍പ്പങ്ങളുടെ നിഴലാട്ടം മാത്രമായിരുന്നു.. കനപ്പെട്ട നിശബ്ദതയില്‍ ചെമ്മണ്പാതയ്ക്കിരുവശത്തുമായി മണിമന്ദിരങ്ങള്‍- പഴയ പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ എന്നോണം.. കഥയിലെ പോലെ ഏതോ ശാപത്താല്‍ ഈ മഹാസൗധങ്ങളില്ലുള്ളവരെല്ലാം ഉറങ്ങുകയായിരിക്കുമോ.. ഏതോ രാജകുമാരന്‍റെ സ്പര്‍ശം കാത്ത് ചിലപ്പോള്‍ ഇതിലെ ഏതോ മുറിയില്‍ ഒരു രാജകുമാരിയും ഉറങ്ങുന്നുണ്ടാകും.. ശാപമോക്ഷത്തിനായി... ആളും ആരവവും ഇല്ലെന്നൊഴിച്ചാല്‍ കാഴ്കള്‍ വിസ്മയം തന്നെ ആണ്..  ആയിരം മുറികളുള്ള , ആയിരം തൂണുകള്‍ ഉള്ള , ഒരു ദിവസം കൊണ്ട് കണ്ടു തീരാത്തത്ര വിശാലമായ സൗധങ്ങള്‍ ചെട്ടിനാടിന്‍റെ മാത്രം പ്രത്യേകതയാകും.. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വീടുകളല്ല.. പാതയ്ക്കിരുവശവുമുള്ള എല്ലാ വീടുകളും ഒന്നിനൊന്ന് മെച്ചം.. കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും ഒരു ദിവസമേ ചെട്ടിനാടിനായി ഉണ്ടായിരുന്നുള്ളൂ..

അല്പം ചരിത്രം.. 
രാജാക്കന്മാരാല്‍ ഉപേക്ഷിക്കപെട്ട സാമ്രാജ്യം പോലെ ആണ് ചെട്ടിനാട്.. തീര്‍ത്തും  ഉപേക്ഷിക്കപെട്ട സൗഭാഗ്യങ്ങളാണിവിടെ ഉള്ള കാഴ്ചകള്‍ ഓരോന്നും.. പണ്ട് കൊട്ടാരസദൃശ്യമായ വീടുകളുടെയും കച്ചവട തന്ത്രങ്ങളുടെയും പേരില്‍ പുകള്‍പെറ്റ നഗരമായിരുന്നു ഇത്.. പാണ്ട്യരാജാക്കന്മാരുടെ ഉറ്റ മിത്രങ്ങളായിരുന്നു ചെട്ടിയാര്‍മാര്‍.. കച്ചവടങ്ങളിലൂടെ കുന്നുകൂടിയ പണമൊക്കെ അവര്‍ മഹാസൗധങ്ങളാക്കി.. രാജ കൊട്ടാരത്തെ പോലും അതിശയിപ്പിക്കുന്നവ ഉണ്ടായിരുന്നു അവയില്‍.. ഇറ്റാലിയന്‍ മാര്‍ബിളും ഫ്ലോറെന്‍സും, മലേഷ്യ എന്ന് വേണ്ട ലോകത്തിന്‍റെ  എല്ലാ കോണില്‍ നിന്നുമുള്ള അലങ്കാര വസ്തുക്കള്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങി അവരാ മണിമാളികകള്‍ അലങ്കരിച്ചു.. കച്ചവടത്തിലെ അതികായന്മാരായിരുന്ന ചെട്ടിയാര്‍മാര്‍ ആയിരുന്നു പാണ്ട്യരാജാവിന്‍റെ സാമ്പത്തിക ശക്തിയും.. പിന്നീടെപ്പോഴോ രാജാക്കന്മാരും ചെട്ടിയാര്‍മാരുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടി.. ചെട്ടിയാര്‍മാരെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ അപ്പോള്‍ ചോള രാജക്കന്മാര്‍ തയ്യാറായി നിന്നു.. കാരൈകുടിയിലും പരിസരത്തുമായി ചെട്ടിയാര്‍മാരുടെ സാമ്രാജ്യം വളര്‍ന്നു .. ചെട്ടിനാടെന്ന്‍ കാലം അതിനെ പേരു ചൊല്ലി വിളിച്ചു..
രണ്ടാം ലോകമഹായുദ്ധമാണ് ചെട്ടിനാടിന്‍റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്.. വിദേശത്തുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ്‌ സംരംഭങ്ങളെല്ലാം തകര്ന്നു .. ചെട്ടിനാടിന്റെ നിറം മങ്ങി തുടങ്ങുകയായിരുന്നു.. മഹാസൗധങ്ങള്‍ അവര്‍ക്കൊരു ബാധ്യത ആയി തുടങ്ങുകയായിരുന്നു.. തൊഴില്‍ തേടി പലരും പല നാടുകളിലേക്ക് ചേക്കേറി.. പുതു തലമുറ ചെട്ടിനാടിലേക്ക് മടങ്ങി വരാന്‍ മടിച്ചു.. അങ്ങനെ ഇവിടുത്തെ വീടുകളോരോന്നും ഒരു പ്രതാപ കാലത്തിന്‍റെ' ഓര്‍മ്മകള്‍ മാത്രമായി..

വിസ്മയങ്ങളുടെ അകകാഴ്ച്ചകളിലേക്ക്...
  
       
            ഇവിടുത്തെ വീടുകളില്‍ ഭൂരിപക്ഷവും വെറുതെ അടച്ചിട്ടിരിക്കുന്നവയാണ്.. ചിലതില്‍ മാത്രം കാവല്ക്കാരുണ്ട്.. ഇവരെ ആരും കാവലിനായി ഏല്പിച്ചതല്ല.. വല്ലപ്പോഴും വരുന്ന സന്ദര്‍ശകര്‍ മനസറിഞ്ഞു കൊടുക്കുന്ന സഹായമല്ലാതെ ഇവര്‍ക്കിതില്‍ നിന്നൊന്നും കിട്ടാനുമില്ല.. താമസിക്കാന്‍ വീടില്ലാത്ത ഇവര്‍ സ്വയം ഏറ്റെടുത്തതാണ് ഈ കാവല്‍ ജോലി..വല്ലാത്ത വൈരുദ്ധ്യമുണ്ടായിരുന്നു ആ കാഴ്ചയില്‍..ദൈന്യം നിറഞ്ഞ അവരുടെ മുഖങ്ങളും അവയ്ക്ക് പിറകിലെ ആരെയും അമ്പരപ്പിക്കുന്ന മഹാ സൌധങ്ങളും.. ഈ വീടിനിപോള്‍ ഉള്ള അവകാശികള്‍ ഇവര്‍ ആണ്.. ഒരു നേരത്തെ ഭക്ഷണത്തിനു വക ഇല്ലെങ്കിലും താമസം കൊട്ടാരത്തില്‍..! ഞങ്ങള്‍ കയറി ചെന്ന വീടിന്‍റെ ചരിത്രം അതിന്‍റെ കാവല്ക്കാരിയായ സ്ത്രീ തമിഴില്‍ പറഞ്ഞു തുടങ്ങി..175 കൊല്ലം പഴക്കമുണ്ടത്രെ ആ വീടിനു.. കൊത്തുപണികള്‍ നിറഞ്ഞ വാതിലുകളും ചുമരുകളും..വിലകൂടിയ മാര്‍ബിളിന്‍റെ തണുപ്പ് കാലുകളില്‍...300 മുറികളുണ്ടത്രെ അവിടെ..അവിടെ താമസിച്ചിരുന്നവര്‍ ആ മുറികള്‍ എല്ലാം എപ്പോളെങ്കിലും കണ്ടിരിക്കുമോ എന്ന് പോലും സംശയമാണ്..കാഴ്ചകളില്‍ പകുതി പോലും കാണാതെ ആയിരുന്നു മടക്കം..ഇടയ്ക്ക് ചെറുതായെങ്കിലും ഈ നാടിന്‍റെ രുചി അറിഞ്ഞു.. കാഴ്ച്ചകള്‍ക്കായല്ലെങ്കില്‍ ഈ രുചി തേടി തീര്‍ച്ചായായും വരാം ഇവിടേക്ക്.. കണ്ടു തീരാത്ത കാഴ്ചകള്‍ തേടി ഞാനിനിയും വരും..

Friday 24 October 2014

നവഗ്രഹക്ഷേത്ര ദര്‍ശനം(തുടര്‍ച്ച....)

രാഹുക്ഷേത്രം


കുംഭകോണത്തു നിന്ന്‍ 28 കി.മീ അകലെയാണ് തിരുന്നാഗേശ്വരം നാഗനാഥ ക്ഷേത്രം. പ്രധാന പ്രതിഷ്ട്ട നാഗ ദേവനായ ശിവനാണ്. ദേവി ഗിരികുജാമ്പികയും.. നാഗ രാജാവായ രാഹുവിന്‍റെ അമ്പലമാണിത്. വിശാലമാണ് ക്ഷേത്രം.. രാഹുവിനായി പ്രത്യേകം കോവിലുണ്ട്. ഇവിടുത്തെ ദേവി പ്രതിഷ്ട്ട വിവിധ സ്ത്രൈണ ഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. രാവിലെ ചെറിയ പെണ്‍കുട്ടിയും ഉച്ചയ്ക്ക് യുവതിയും രാത്രി അമ്മയായും ദേവി രൂപം മാറുന്നു.. രാഹു ക്ഷേത്ര ദര്‍ശനം രാഹു ദോഷം പിടിപെട്ടവര്‍ക്ക് നല്ലതാണെന്നാണ് വിശ്വാസം..

ശനിദേവ ക്ഷേത്രം

കര്‍ശനമായ സുരക്ഷാസംവിധാനങ്ങളാണ് ശനിദേവ ക്ഷേത്രത്തില്‍.. അകത്തേക്ക് ക്യാമറ അനുവദിനീയമല്ല. അഭിഷേകവും കറുത്ത പട്ടുമാണ് ശനി ദേവനുള്ള വഴിപാടുകളില്‍ പ്രധാനം. നിരവധി കോവിലുകളും തീര്‍ത്ഥങ്ങള്മുള്ള വലിയ ക്ഷേത്രമാണിത്.. ഇവിടെയുള്ള തീര്‍ത്ഥത്തില്‍ കുളിച്ചാണത്രെ നളന്റെ കലി ദോഷം അകന്നത്..ശനി ദോഷം അകറ്റാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവിടെ വരണമെന്നാണ് പറയുന്നത്.

കേതു ക്ഷേത്രം

കീഴ്പെരുംപള്ളം കേതുക്ഷേത്രം വളരെ ചെറിയൊരു ക്ഷേത്രമാണ്. ആള്‍തിരക്ക് കുറഞ്ഞൊരു പ്രദേശത്ത്..ക്ഷേത്രത്തിനകത്തും ആള്‍ത്തിരക്ക് അധികമില്ല. സന്ധ്യയോടടുത്തിരുന്നു എത്തുമ്പോള്‍. കേതു ദോഷം തീര്‍ക്കാന്‍ പരിഹാരമായി ഇവിടെ ഭജനമിരിക്കണമെന്നതാണ് വിശ്വാസം.. ഈ ദിവസത്തെ യാത്ര ഇവിടെ അവസാനിക്കും..ഇനി നാളെ..

വൈതീശ്വരന്‍ കോവില്‍

പിറ്റേന്ന് രാവിലെ ആദ്യ സന്ദര്‍ശനം ചൊവ്വയ്ക്ക്‌ ആയുള്ള വൈതീശ്വരന്‍ കോവിലിലെക്കായിരുന്നു. വളരെ വലിയ ക്ഷേത്രമാണിത്..ഒരുപാട് കോവിലുകളും നീണ്ട ഇടനാഴികളുമായി.. മുഖ്യ പ്രതിഷ്ട്ട ശിവനാണ്.. വൈദ്യ ചികിത്സയില്‍ കഴിവും അറിവും നേടാന്‍ ഇവിടുത്തെ ദേവന്‍ സഹായിക്കുമെന്നാണ് വിശ്വാസം..അതിനാല്‍ തന്നെ ക്ഷേത്രത്തിനകത്ത് ഭജനമിരിക്കുന്ന വൈദ്യന്മാരെ കാണാം.. ചൊവ്വയ്ക്ക്‌ ആയി കോവിലുണ്ട്.. നാഡീജ്യോതിഷത്തിനു പ്രശസ്തമാണ് ഈ ദേശം..

ബുധക്ഷേത്രം

വൈതീശ്വരന്‍ കോവിലില്‍ നിന്ന്‍ ഏകദേശം 15 കി.മീ ഉണ്ട് തിരുവേങ്കാട് ബുധക്ഷേത്രത്തിലേക്ക്.. കാശിക്ക് തുല്യമായ ആറു പുണ്യ സ്ഥാനങ്ങളില്‍ ഒന്നയാണിവിടം കണക്കാക്കപ്പെടുന്നത്.. ബുധ പ്രീതിക്കായി കുട്ടികളില്ലാത്ത ദമ്പതികള്‍ ധാരാളം എത്തുന്നുണ്ട് ഇവിടെ..

നവഗ്രഹ യാത്ര ഇവിടെ തീരുന്നു.. 3 ദിവസം നീണ്ട യാത്രയ്ക്കൊടുവില്‍ മനസിലാകുന്നു... ഈ യാത്ര ഉള്ളില്‍ കുടി കൊള്ളുന്ന എന്‍റെ തന്നെ വിവിധ ഭാവങ്ങളെ അന്വേഷിച്ചായിരുന്നു എന്ന്.. ഓരോ ഗ്രഹവും എന്‍റെ ഉള്ളിലായിരുന്നു.. .എന്‍റെ ഉള്ളിലെ നന്മയും തിന്മയുമായിരുന്നു ...മടക്കം..കാവേരിയുടെ താളമറിഞ്ഞുകൊണ്ട്... വഴിയോരങ്ങളില്‍ പിന്നെയും ഉണ്ട് നാട്ടു ദൈവങ്ങള്‍.. ഊര് കാക്കുന്ന അമ്മ ദൈവങ്ങള്‍.. ഏത് ഇരുളിലും കാണാം..കത്തിച്ചു വെച്ച ഒരു നറുതിരി എങ്കിലും...അവയെല്ലാം ജ്വലിക്കുന്നത് ഒരു നാടിന്‍റെ പ്രതീക്ഷകളുമായാണ്...

Thursday 23 October 2014

നവഗ്രഹക്ഷേത്ര ദര്‍ശനം

നവഗ്രഹങ്ങളുടെ പുണ്യവും അനുഗ്രഹവും തേടിയുള്ള ഒരു യാത്രയാണിത്‌.. സൂര്യ-ചന്ദ്രന്മാരും, ബുധ-ശുക്രന്മാരും കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ സ്വയം അറിഞ്ഞും അനുഗ്രഹ വര്‍ഷം തേടിയുമുള്ള പുണ്യയാത്ര.. രാശി മണ്ഡലത്തില്‍ കാവല്‍ നില്‍ക്കുന്ന നവഗ്രഹങ്ങളെയെല്ലാം കണ്ട് വന്ദിക്കാന്‍.., ഭൂമിയില്‍ നിന്ന്‍ തന്നെ ഗ്രഹങ്ങളില്‍ നിന്ന്‍ ഗ്രഹങ്ങളിലേക്ക് ജന്മ പുണ്യം തേടി കൊണ്ട്....

നവഗ്രഹ ക്ഷേത്ര ദര്‍ശനം പുണ്യം മാത്രമല്ല, സ്വയം അറിയല്‍ കൂടിയാണ്.. ഈ ഒന്‍പതു ക്ഷേത്രങ്ങളും പ്രതിനിധീകരിക്കുന്നത് മനുഷ്യ ശരീരത്തെ ആണ്..ദേഹത്തിന്‍റെ ചിത്താകാശമാണത്രെ മനസ്സ്.. ആ മനസ്സും ആത്മാവുമാണിവിടെ സഞ്ചാരിയായി അലയുന്നത്.. നവഗ്രഹ ക്ഷേത്രങ്ങള്‍ കാണാതെ മറ്റേത് അമ്പലങ്ങളില്‍ ചെല്ലുന്നതും വ്യര്‍ത്ഥമത്രേ.. സ്വയം അറിയല്‍ തന്നെ ആണല്ലോ ആത്മസാക്ഷാത്കാരത്തിന്‍റെ ആദ്യ പടി..
ഓരോ മനുഷ്യനിലുമുണ്ട് നവഗ്രഹങ്ങളോരോന്നും..സൂര്യന്‍ ആത്മാവും മനസ്സ് ചന്ദ്രനും..ചൊവ്വ നിര്‍വ്വികാരത്വം..ബുധന്‍ വാക്ക്..ജ്ഞാനവും സുഖവും വ്യാഴം..സമ്പത്തും മദനത്വവും ശുക്രന്‍..ശനി പ്രേക്ഷ്യത്വവും രാഹു-കേതുക്കള്‍ തിന്മാഭാവങ്ങളും..
കാവേരി നദിക്കരയിലുള്ള ഗ്രാമങ്ങളിലാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.. ദര്‍ശനത്തിനു പാലിക്കേണ്ട ക്രമമുണ്ടെങ്കിലും ദൂരം അതിനനുവദിക്കില്ല..കുംഭകോണത്തായിരുന്നു ഞങ്ങളുടെ താമസം. 3 ദിവസത്തെക്കായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. കുഭകോണതെത്തിയതിന്റെ അടുത്ത ദിവസം പുലര്‍ച്ചെ തന്നെ നവഗ്രഹങ്ങളുടെ പുണ്യം തേടി ഇറങ്ങി..കീഴ്വഴക്കമനുസരിച്ച് ആദ്യം കണ്ടു വണങ്ങേടത് സൂര്യ ഭഗവാനെയാണ്., എങ്കിലും കുംഭകോണത്തു നിന്ന്‍ തുടങ്ങുമ്പോള്‍ തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രമാണ് ആദ്യം.

ചന്ദ്ര ക്ഷേത്രം

തിങ്കള്ളൂരില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്ന് വരുന്നതെ ഉള്ളു..ആദ്യ സൂര്യകിരണങ്ങള്‍ ഭൂമിയില്‍ എത്തുമ്പോള്‍ മനസ്സില്‍ സൂര്യ ഭഗവാനോട് ക്ഷമാപണം നടത്തി..ഒറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രം..ചുറ്റും പാടങ്ങള്‍..വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തൊഴുതിറങ്ങി. കൈലാസനാഥനും പെരിയനായകിയുമാണ് പ്രധാന പ്രതിഷ്ട്ട. ഉപദേവതയായി ചന്ദ്രനും... ഉച്ചവെയിലിന് മുന്‍പേ ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രത്തില്‍ എത്തേണ്ടതാണ്..

ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രം
ഭജിക്കുന്നവരെ കൈ വിടാത്ത ഗുരു ക്ഷേത്രമാണ് ആളാങ്കുടിയിലെത്. ക്ഷേത്രത്തിനു ഇടത്തരം വലിപ്പമേ ഉള്ളു.. എടുത്തു പറയത്തക്ക കൊത്തു പണികളും ഇല്ല..തിരക്കും നന്നേ കുറവ്..വേഗം വലം വെച്ചു വന്നു.. 24 തവണ വലം വെക്കണമെന്നതാണ് കണക്ക്..എന്നാല്‍ ഞങ്ങള്‍ക്കിനിയും 7 ക്ഷേത്രങ്ങള്‍ ബാക്കിയായത് കൊണ്ട് ഒരു തവണയില്‍ നിര്‍ത്തി.. തീര്‍ഥവും മണ്ഡപവും ഇടനാഴിയും കടന്ന് ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍.. വ്യാഴ ക്ഷേത്രം എന്നാണ് പേരെങ്കിലും ഇവിടെയും ചന്ദ്ര ക്ഷേത്രത്തിലെ പോലെ വ്യാഴം പ്രധാന പ്രതിഷ്ട്ടയല്ല.. ചുമരില്‍ കൊത്തിയ ഉപദേവനാണ്..അടുത്തത് സൂര്യക്ഷേത്രത്തിലെക്ക്.. അതിനു മുന്പ് ഭക്ഷണം കഴിക്കണം..

സൂര്യ ക്ഷേത്രം

ഉച്ച പൂജയ്ക്ക് നട അടച്ചിട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിനു വിശ്രമം കഴിഞ്ഞാണ് സൂര്യ ക്ഷേത്രത്തിലേക്ക് തിരിച്ചത്.. മറ്റു രണ്ട് ക്ഷേത്രങ്ങള്‍ പോലെയല്ല സൂര്യനാര്‍ കോവിലെ സൂര്യക്ഷേത്രം.. കൊത്തുപണികളോട് കൂടിയ വലിയ ക്ഷേത്രമാണ്.. സൂര്യന് മാത്രമായുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.. സൂര്യ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനു മുന്പ് സമീപത്തുള്ള സൂര്യപുഷ്കരണി തീര്‍ഥത്തില്‍ കുളിച്ചു കയറണം എന്നാണ് ചിട്ട.. സന്ദര്‍ശകര്‍ക്ക് അധികവും അതിനു സാധിക്കാത്തത് കൊണ്ട് തീര്‍ത്ഥം തലയില്‍ തളിച്ചാലും മതി പകരം.. നേരെ ചെന്ന്‍ സൂര്യ ഭഗവാനെ വണങ്ങുവാന്‍ പാടില്ല.. ആദ്യം കോല്‍തീര്‍ത്ഥവിനായകരെയും നടരാജനെയും നവഗ്രഹങ്ങളെയും വണങ്ങി കാശി വിശ്വനാഥനെയും വിശാലാക്ഷി അമ്മയെയും ദര്‍ശിക്കണം..പിന്നീട് ഗുരു മണ്ഡപത്തില്‍ ചെന്ന്‍ അനുഗ്രഹം വാങ്ങിയിട്ടെ സൂര്യ ദര്‍ശനം പാടുള്ളൂ.. ആദ്യം സൂര്യ ഭഗവാനെ കാണാന്‍ വരാഞ്ഞതിന് പരിഹാരമാകട്ടെ എന്ന കരുതി എല്ലാം വിധി പ്രകാരം പോലെ തന്നെ ചെയ്ത് സൂര്യ സന്നിധിയില്‍ ചെന്ന്‍ വണങ്ങി.. സൂര്യ തേജ്ജസ് ഉള്ളില്‍ നിറയുന്ന പോലെ...കുറച്ചധികം സമയം തന്നെ അവിടെ ചിലവായിരുന്നു.. ഇനി ശുക്ര സന്നിധിയിലേക്ക്..

ശുക്രക്ഷേത്രം
കാഞ്ചനൂരിലെ അഗ്നീശ്വര ക്ഷേത്രമാണ് ശുക്ര ക്ഷേത്രമെന്ന്‍ അറിയപ്പെടുന്നത്..സൂര്യ ക്ഷേത്രത്തില്‍ നിന്ന്‍ 3 കി.മീ ദൂരമേ ഉള്ളു ഇങ്ങോട്ട്. ആള്‍ത്തിരക്കില്ലാത്ത വളരെ ചെറിയ ഒരു ക്ഷേത്രമാണിത്..ശിവനാണ് പ്രഥാന പ്രതിഷ്ഠ.. ശുക്രനായി പ്രത്യേക കോവിലോ പ്രതിഷ്ട്ടയോ ഇല്ല.. അഗ്നീശ്വരനെ തന്നെ ആണ് ശുക്രനായും സങ്കല്‍പ്പിക്കുന്നത്..
സമയം വൈകുന്നേരം കഴിഞ്ഞിരുന്നു..ഇന്നിനി യാത്ര തുടര്‍ന്നാലും തൊഴാന്‍ കഴിയണമെന്നില്ല.. ഞങ്ങള്‍ ലോഡ്ജിലേക്ക് തന്നെ മടങ്ങി..ഇനിയും 5 ക്ഷേത്രങ്ങള്‍ ബാക്കി.. കണ്ട് വണങ്ങിയ ഗ്രഹങ്ങളെല്ലാം കൂടെ നില്‍ക്കുന്ന പോലൊരു തോന്നല്‍...