Friday 25 July 2014

ബാലാജിയുടെ തിരുമുമ്പില്‍..

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമാണ് തിരുപ്പതി.ഭക്ത വല്സലനായ ബാലാജിയുടെ തിരുമുന്‍പിലേക്കുള്ള ഞങ്ങളുടെ  ആദ്യ തീര്‍ഥയാത്രയായിരുന്നു അത്.ദര്‍ശനം കിട്ടുമോ എന്ന കാര്യത്തില്‍ ഒരുറപ്പും ഇല്ലാതെയാണ് എത്തിയത്.
തിരുപ്പതി നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആദ്യം കണ്ണില്‍ പെടുക തമ്പുരുവുമായിരികുന്ന എം.എസ്.സുബ്ബലക്ഷ്മിയുടെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ വലിയ പ്രതിമയാണ്.മുണ്ഡനം ചെയ്ത ശിരസ്സുമായി എങ്ങും തീര്‍ഥാടക പ്രവാഹം.വൈഷ്ണവ പ്രധാനമായ 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് തിരുപ്പതി.എന്നാല്‍ ഭക്ത വല്സലനായ ബാലാജി കുടി കൊള്ളുന്നത് ഇവിടെയല്ല.തിരുപ്പതിയില്‍ നിന്നും 20 കിലോമീറ്റര്‍ മേലെയുള്ള തിരുമലയില്‍ ആണു.



 അല്പം ഐതിഹ്യം...

അനന്തമായ കാലത്തെ പ്രതിനിധീകരിക്കുന്ന ഏഴ് ശിരസ്സുള്ള ശേഷനാഗത്തിന്‍റെ ഗിരി ശിരസ്സുകളില്‍ ഏഴാമത്തെ ഗിരിയാണ് വെങ്കിടാദ്രി-ഭൂലോക വൈകുണ്ഡം.അവിടെയാണ് ഭഗവാന്‍ ശ്രീനിവാസന്‍ സാക്ഷാല്‍ വെങ്കിടാചലപതിയായി വസിക്കുന്നത്.ഐശ്വര്യദായകനാണ് തിരുമല ദേവന്‍-ക്ഷിപ്ര പ്രസാദിയും.സപ്ത ഗിരിയുടെയും അധിപനാണ് വെങ്കിടാചലപതി.ലക്ഷ്മി ദേവി ഒരിക്കല്‍ മഹാവിഷ്ണുവിനോട്‌ പിണങ്ങാന്‍ ഇട വരികയുംകോപം പൂണ്ട് കൊല്ലാപുരത് ചെന്ന് തപസ്സനുഷ്ഠിക്കാനും തുടങ്ങി.ഖിന്നനായ ഭഗവാന്‍ ഭൂമിയിലെത്തി വരാഹ ഗിരിയില്‍ ഒരു ചിതല്‍പുറ്റില്‍ നിരാഹരനായി തപസ്സു തുടങ്ങി.സഹോദരന്‍റെ ഈ അവസ്ഥയില്‍ വിഷമിച്ച പാര്‍വതീ ദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം ശിവനും ബ്രഹ്മാവും പശുവും കിടാവുമായി വേഷം മാറുകയും ഇടയ സ്ത്രീയുടെ വേഷത്തില്‍ എത്തി പാര്‍വതി ദേവി പശുവിനേയും കിടാവിനെയും ദേശം ഭരിക്കുന്ന ചോള രാജാവിനു നല്‍കുകയും ചെയ്തു.പശു നിത്യവും വരാഹഗിരിയിലെത്തി ചിതല്‍പുറ്റിനു മുകളിലൂടെ വിഷ്ണു ഭഗവാനു പാല്‍ ചുരത്തി നല്‍കി.ഇതു കണ്ട ഇടയന്‍ വിഷയം രാജാവിനെ ധരിപ്പികുകയും രാജാവിന്‍റെ നിര്‍ദേശ പ്രകാരം ചിതല്‍ പുറ്റില്‍ ആഞ്ഞു വെട്ടുകയും ചെയ്തു.ചോരയൊഴുകുന്ന ശിരസ്സുമായി വിഷ്ണു ചിതല്‍ പുറ്റില്‍ നിന്ന്‍ പ്രത്യക്ഷനാകുകയും രാജാവിനെ പിശാചാകട്ടേ എന്ന്‍ ശപിക്കുകയും ചെയ്തു.ക്ഷമ യാചിച്ച രാജാവിനോട് ദയ തോന്നി തുടര്‍ ജന്മത്തില്‍ ആകാശ രാജാവായി ജനിക്കട്ടെയെന്നും അപ്പോള്‍ ശ്രീനിവാസനായി അവതരിച്ച് താന്‍ രാജാവിന്‍റെ പുത്രിയായി അവതരിക്കുന്ന  പത്മാവതിയെ വിവാഹം ചെയ്തു കൊള്ളാം എന്നും പറഞ്ഞു.വെട്ടേറ്റ് മുടിയുടെ ഒരു ഭാഗം നഷ്ട്ടമായ ഭഗവാനു ആ ഭാഗം മറക്കാനാണ് ഭക്തര്‍ മുടി വഴിപാടു നടത്തുന്നത്.
സ്രീനിവസനായ ഭഗവാന്‍ പദ്മാവതിയെ വിവാഹം ചെയ്ത് അവതാരോദ്ദേശം പൂര്‍ത്തിയാക്കുന്നു.ശ്രീനിവാസന്‍ വെങ്കിടാദ്രിയിലും പദ്മാവതി തിരുച്ചാനൂരിലും വസിക്കുന്നു എന്നാണ് ഐതിഹ്യം.

തിരുമലയിലേക്ക്...

തിരുപ്പതിയില്‍ നിന്ന്‍ തിരുമലയിലേക്ക് സര്‍ക്കാര്‍ ബസ്സുകള്‍ 2 മിനിട്ടിന്‍റെ ഇടവേളയിലുണ്ട്.സൗകാര്യ വാഹനങ്ങള്‍ക്ക് ഈ വഴി യാത്ര ചെയ്യാന്‍ അനുവാദമില്ല.ഞങ്ങളുടെ ബസ്സിറങ്ങി ഞങ്ങളും ചുവന്ന നിറത്തിലുള്ള ആ ബസ്സുകളില്‍ ഒന്നില്‍ കയറി.കയറ്റം കയറി എത്തുന്നത് ജയ വിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന തിരുമാലയിലെക്കുള്ള പ്രവേശന കവാടത്തിലാണ്.വളരെ വൃത്തിയായി പരിപാലിക്കപെടുന്ന ഒരു നഗരമാണ് തിരുമല.തീര്‍ഥാടകര്‍ക്കായുള്ള താമസ സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്.അന്നത്തെ രാത്രി അവിടെ വിശ്രമിച്ച് പിറ്റേന്ന് കാലത്ത് തിരുമല ദര്‍ശനം നടത്താമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഫ്രീ ദര്‍ശനത്തിനായുള്ള ക്യൂ  കോമ്പ്ലെക്സില്‍ എത്തി.മണിക്കൂറുകള്‍ ക്യൂ വില്‍ നിന്ന്‍ ഒടുക്കം വളരെ പതുക്കെ ക്യൂ നീങ്ങി തുടങ്ങി.വിവിധ മണ്ഡപങ്ങള്‍ കടന്ന്‍ ക്ഷേത്ര പരിസരത്തെത്തുമ്പോള്‍ 'ഗോവിന്ദാ ഗോവിന്ദാ ' വിളികളോടെ ഭക്തി അതിന്‍റെ പാരമ്യതയില്‍ എത്തുന്നു..ദര്‍ശനത്തിനു നില്‍ക്കുന്നവര്‍ ഭഗവാനായി പറ്റാവുന്നിടത്തൊക്കെ പണവും ആഭരണങ്ങളും നിക്ഷേപിക്കുന്നു.ശാന്തമല്ല,തീവ്രമാണ് തിരുപ്പതിയിലെ ഭക്തി.ദിവസവും കോടികണക്കിനു രൂപയുടെ നിവേദ്യമാണ് ഭഗവാനു സമര്‍പ്പിക്കപെടുന്നത്.ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ദേവനാണ് തിരുപ്പതി ബാലാജി.വൃത്തിയായും മനോഹരമായും അലങ്കരിച്ച ക്ഷേത്രം..കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍.
8 അടി ഉയരമുള്ള സര്‍വ്വാഭരണവിഭൂഷിതമായ ശിലാവിഗ്രഹമാണ് ഭഗവാന്‍റെത്.അമൂല്യമായ ബാലാജിയുടെ കിരീടം പുകള്‍ പെറ്റതാണ്.28000 വൈര ബിന്ദുക്കള്‍ മാറ്റു കൂട്ടുന്ന കിരീടത്തില്‍ മേരുപച്ച  എന്ന മരതകവും..വിശാലമായ ക്ഷേത്രാങ്കണത്തിന്‍റെ വലതു ഭാഗത്ത് കലാപരിപാടികള്‍ക്കായുള്ള അരങ്ങ്.ക്ഷേത്രത്തിനു ചുറ്റുമായുള്ള പ്രദക്ഷിണ വഴിയുടെ വശങ്ങളില്‍ ഓഫീസുകളും താമസ സ്ഥലങ്ങളുമുണ്ട്.പ്രശസ്തമായ തിരുപ്പതി ലഡ്ഡു ലഭിക്കുന്നതും ഇവിടെ നിന്നാണ്.സ്വര്‍ണ മയമായ  ആനന്ദ നിലയത്തെ വണങ്ങി തിരുപ്പതി ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോളും കാതില്‍ ഗോവിന്ദ വിളികള്‍ അലയടിക്കുന്നുണ്ടായിരുന്നു.











0 comments:

Post a Comment