Friday 25 July 2014

ബാലാജിയുടെ തിരുമുമ്പില്‍..

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമാണ് തിരുപ്പതി.ഭക്ത വല്സലനായ ബാലാജിയുടെ തിരുമുന്‍പിലേക്കുള്ള ഞങ്ങളുടെ  ആദ്യ തീര്‍ഥയാത്രയായിരുന്നു അത്.ദര്‍ശനം കിട്ടുമോ എന്ന കാര്യത്തില്‍ ഒരുറപ്പും ഇല്ലാതെയാണ് എത്തിയത്.
തിരുപ്പതി നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആദ്യം കണ്ണില്‍ പെടുക തമ്പുരുവുമായിരികുന്ന എം.എസ്.സുബ്ബലക്ഷ്മിയുടെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ വലിയ പ്രതിമയാണ്.മുണ്ഡനം ചെയ്ത ശിരസ്സുമായി എങ്ങും തീര്‍ഥാടക പ്രവാഹം.വൈഷ്ണവ പ്രധാനമായ 108 ദിവ്യദേശങ്ങളില്‍ ഒന്നാണ് തിരുപ്പതി.എന്നാല്‍ ഭക്ത വല്സലനായ ബാലാജി കുടി കൊള്ളുന്നത് ഇവിടെയല്ല.തിരുപ്പതിയില്‍ നിന്നും 20 കിലോമീറ്റര്‍ മേലെയുള്ള തിരുമലയില്‍ ആണു.



 അല്പം ഐതിഹ്യം...

അനന്തമായ കാലത്തെ പ്രതിനിധീകരിക്കുന്ന ഏഴ് ശിരസ്സുള്ള ശേഷനാഗത്തിന്‍റെ ഗിരി ശിരസ്സുകളില്‍ ഏഴാമത്തെ ഗിരിയാണ് വെങ്കിടാദ്രി-ഭൂലോക വൈകുണ്ഡം.അവിടെയാണ് ഭഗവാന്‍ ശ്രീനിവാസന്‍ സാക്ഷാല്‍ വെങ്കിടാചലപതിയായി വസിക്കുന്നത്.ഐശ്വര്യദായകനാണ് തിരുമല ദേവന്‍-ക്ഷിപ്ര പ്രസാദിയും.സപ്ത ഗിരിയുടെയും അധിപനാണ് വെങ്കിടാചലപതി.ലക്ഷ്മി ദേവി ഒരിക്കല്‍ മഹാവിഷ്ണുവിനോട്‌ പിണങ്ങാന്‍ ഇട വരികയുംകോപം പൂണ്ട് കൊല്ലാപുരത് ചെന്ന് തപസ്സനുഷ്ഠിക്കാനും തുടങ്ങി.ഖിന്നനായ ഭഗവാന്‍ ഭൂമിയിലെത്തി വരാഹ ഗിരിയില്‍ ഒരു ചിതല്‍പുറ്റില്‍ നിരാഹരനായി തപസ്സു തുടങ്ങി.സഹോദരന്‍റെ ഈ അവസ്ഥയില്‍ വിഷമിച്ച പാര്‍വതീ ദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം ശിവനും ബ്രഹ്മാവും പശുവും കിടാവുമായി വേഷം മാറുകയും ഇടയ സ്ത്രീയുടെ വേഷത്തില്‍ എത്തി പാര്‍വതി ദേവി പശുവിനേയും കിടാവിനെയും ദേശം ഭരിക്കുന്ന ചോള രാജാവിനു നല്‍കുകയും ചെയ്തു.പശു നിത്യവും വരാഹഗിരിയിലെത്തി ചിതല്‍പുറ്റിനു മുകളിലൂടെ വിഷ്ണു ഭഗവാനു പാല്‍ ചുരത്തി നല്‍കി.ഇതു കണ്ട ഇടയന്‍ വിഷയം രാജാവിനെ ധരിപ്പികുകയും രാജാവിന്‍റെ നിര്‍ദേശ പ്രകാരം ചിതല്‍ പുറ്റില്‍ ആഞ്ഞു വെട്ടുകയും ചെയ്തു.ചോരയൊഴുകുന്ന ശിരസ്സുമായി വിഷ്ണു ചിതല്‍ പുറ്റില്‍ നിന്ന്‍ പ്രത്യക്ഷനാകുകയും രാജാവിനെ പിശാചാകട്ടേ എന്ന്‍ ശപിക്കുകയും ചെയ്തു.ക്ഷമ യാചിച്ച രാജാവിനോട് ദയ തോന്നി തുടര്‍ ജന്മത്തില്‍ ആകാശ രാജാവായി ജനിക്കട്ടെയെന്നും അപ്പോള്‍ ശ്രീനിവാസനായി അവതരിച്ച് താന്‍ രാജാവിന്‍റെ പുത്രിയായി അവതരിക്കുന്ന  പത്മാവതിയെ വിവാഹം ചെയ്തു കൊള്ളാം എന്നും പറഞ്ഞു.വെട്ടേറ്റ് മുടിയുടെ ഒരു ഭാഗം നഷ്ട്ടമായ ഭഗവാനു ആ ഭാഗം മറക്കാനാണ് ഭക്തര്‍ മുടി വഴിപാടു നടത്തുന്നത്.
സ്രീനിവസനായ ഭഗവാന്‍ പദ്മാവതിയെ വിവാഹം ചെയ്ത് അവതാരോദ്ദേശം പൂര്‍ത്തിയാക്കുന്നു.ശ്രീനിവാസന്‍ വെങ്കിടാദ്രിയിലും പദ്മാവതി തിരുച്ചാനൂരിലും വസിക്കുന്നു എന്നാണ് ഐതിഹ്യം.

തിരുമലയിലേക്ക്...

തിരുപ്പതിയില്‍ നിന്ന്‍ തിരുമലയിലേക്ക് സര്‍ക്കാര്‍ ബസ്സുകള്‍ 2 മിനിട്ടിന്‍റെ ഇടവേളയിലുണ്ട്.സൗകാര്യ വാഹനങ്ങള്‍ക്ക് ഈ വഴി യാത്ര ചെയ്യാന്‍ അനുവാദമില്ല.ഞങ്ങളുടെ ബസ്സിറങ്ങി ഞങ്ങളും ചുവന്ന നിറത്തിലുള്ള ആ ബസ്സുകളില്‍ ഒന്നില്‍ കയറി.കയറ്റം കയറി എത്തുന്നത് ജയ വിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന തിരുമാലയിലെക്കുള്ള പ്രവേശന കവാടത്തിലാണ്.വളരെ വൃത്തിയായി പരിപാലിക്കപെടുന്ന ഒരു നഗരമാണ് തിരുമല.തീര്‍ഥാടകര്‍ക്കായുള്ള താമസ സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്.അന്നത്തെ രാത്രി അവിടെ വിശ്രമിച്ച് പിറ്റേന്ന് കാലത്ത് തിരുമല ദര്‍ശനം നടത്താമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം.പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഫ്രീ ദര്‍ശനത്തിനായുള്ള ക്യൂ  കോമ്പ്ലെക്സില്‍ എത്തി.മണിക്കൂറുകള്‍ ക്യൂ വില്‍ നിന്ന്‍ ഒടുക്കം വളരെ പതുക്കെ ക്യൂ നീങ്ങി തുടങ്ങി.വിവിധ മണ്ഡപങ്ങള്‍ കടന്ന്‍ ക്ഷേത്ര പരിസരത്തെത്തുമ്പോള്‍ 'ഗോവിന്ദാ ഗോവിന്ദാ ' വിളികളോടെ ഭക്തി അതിന്‍റെ പാരമ്യതയില്‍ എത്തുന്നു..ദര്‍ശനത്തിനു നില്‍ക്കുന്നവര്‍ ഭഗവാനായി പറ്റാവുന്നിടത്തൊക്കെ പണവും ആഭരണങ്ങളും നിക്ഷേപിക്കുന്നു.ശാന്തമല്ല,തീവ്രമാണ് തിരുപ്പതിയിലെ ഭക്തി.ദിവസവും കോടികണക്കിനു രൂപയുടെ നിവേദ്യമാണ് ഭഗവാനു സമര്‍പ്പിക്കപെടുന്നത്.ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ദേവനാണ് തിരുപ്പതി ബാലാജി.വൃത്തിയായും മനോഹരമായും അലങ്കരിച്ച ക്ഷേത്രം..കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍.
8 അടി ഉയരമുള്ള സര്‍വ്വാഭരണവിഭൂഷിതമായ ശിലാവിഗ്രഹമാണ് ഭഗവാന്‍റെത്.അമൂല്യമായ ബാലാജിയുടെ കിരീടം പുകള്‍ പെറ്റതാണ്.28000 വൈര ബിന്ദുക്കള്‍ മാറ്റു കൂട്ടുന്ന കിരീടത്തില്‍ മേരുപച്ച  എന്ന മരതകവും..വിശാലമായ ക്ഷേത്രാങ്കണത്തിന്‍റെ വലതു ഭാഗത്ത് കലാപരിപാടികള്‍ക്കായുള്ള അരങ്ങ്.ക്ഷേത്രത്തിനു ചുറ്റുമായുള്ള പ്രദക്ഷിണ വഴിയുടെ വശങ്ങളില്‍ ഓഫീസുകളും താമസ സ്ഥലങ്ങളുമുണ്ട്.പ്രശസ്തമായ തിരുപ്പതി ലഡ്ഡു ലഭിക്കുന്നതും ഇവിടെ നിന്നാണ്.സ്വര്‍ണ മയമായ  ആനന്ദ നിലയത്തെ വണങ്ങി തിരുപ്പതി ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോളും കാതില്‍ ഗോവിന്ദ വിളികള്‍ അലയടിക്കുന്നുണ്ടായിരുന്നു.











Monday 14 July 2014

ഹൈദരാബാദിലേക്ക്.....

ഏറ്റവും പ്രിയപ്പെട്ട യാത്ര ഏതെന്ന്‍ ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരിക ഹൈദരാബാദ് ആണ്...ആ യാത്ര  തുടങ്ങിയ കൃത്യമായ തീയതിയോ സമയമോ ഓര്‍മയില്ലെങ്കിലും  അതൊരു മഴക്കാലമല്ലായിരുന്നു എന്നറിയാം...ആ യാത്ര തുടങ്ങുമ്പോളെ താരാമതി എന്ന നര്‍ത്തകി എന്നെ ആവേശിച്ചു കഴിഞ്ഞിരുന്നു.മനസ്സില്‍ നിറയെ അവളുടെ നൃത്ത ചുവടുകളായിരുന്നു.താരാമതിക്കു വേണ്ടിയായിരുന്നു ആ യാത്ര പോലും എന്നു തോന്നി..അങ്ങനെ ഒരു രാത്രിയില്‍ യാത്രകളെ സ്നേഹിക്കുന്ന നാല്പതോളം പേരുമായി ഒരു ബസ്സില്‍ ആ യാത്ര തുടങ്ങി,താരാമതിയുടെ നഗരത്തിലേക്ക്..ഇടയ്ക്ക് എപ്പോഴോ അടഞ്ഞ കണ്ണുകള്‍ പിന്നെ തുറന്നത് ഹൈദരാബാദ് നഗരത്തിലേക്കാണ്.ആ ആദ്യ കാഴ്ചയിലെ മനസ്സു പറഞ്ഞു ഈ നഗരം എനിക്കായ് ഒരുപാട് കാഴ്ചകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന്‍..ആ പകലിലെ ആദ്യ യാത്ര ചാര്‍മിനാര്‍ ലേക്കായിരുന്നു.


ചാര്‍മിനാര്‍

ആഗ്രയ്ക്ക് താജ്മഹല്‍ പോലെയാണ് ഹൈദരാബാദിനു ചാര്‍മിനാര്‍.നഗര പൈതൃകത്തിന്‍റെ മുഖമുദ്രയെന്നു വിശേഷിപ്പിക്കാവുന്ന ചാര്‍മിനാറിലേക്ക് സഞ്ചാരികളെ ആകര്‍ഷികുന്നത് ഇതിന്‍റെ ശില്പ ചാതുരി തന്നെ.
ബസ്സില്‍ നിന്നിറങ്ങി ചാര്‍മിനാറിലേക്ക് നടക്കുന്ന വഴി പ്രശസ്തമായ ഹൈദരാബാദ് പേളുകളുടെ കടകള്‍ മാടി വിളിക്കുന്നതായ് കാണാം.പേളുകളെ പറ്റി വ്യക്തമായ ധാരണ ഇല്ലാതെയാണ് പോകുന്നതെങ്കില്‍ വഞ്ചിക്കപെടാന്‍ സാധ്യത ഏറെയാണ്‌.ഈ പ്രലോഭനങ്ങളെ കടന്നു ചാര്‍മിനാറിനു മുന്‍പില്‍ നില്‍കുമ്പോള്‍ ഒരു നിമിഷം ഓര്‍ത്തു-ഹൈദരാബാദ് എന്ന നഗരത്തിന്‍റെ ചരിത്രം ഉരുത്തിരിഞ്ഞത് ഇതിനു ചുറ്റുമായാണല്ലോ എന്ന്‍..400 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്ബിളിലും ഗ്രാനൈറ്റിലുമായി പണിത ഈ ചരിത്ര സ്മാരകം ഒരു കാലത്ത് ഹൈദരാബാദ് നഗരത്തിന്‍റെ ഹൃദയമായിരുന്നു.ഗോല്‍കൊണ്ടയില്‍ നിന്ന്‍ ഹൈദരാബാദിലേക്ക് തന്‍റെ തലസ്ഥാനം മാറ്റിയ മുഹമ്മദ്‌ ഖൊലി കുത്തബ് ഷാ 1591ല്‍ ആണു ചാര്‍മിനാര്‍ പണി കഴിപ്പിച്ചത്.


നാലു കോണിലും നാലു ഗോപുരങ്ങളുമായി നില്‍കുന്ന ഒരു സമചതുരത്തിന്‍റെ
ആകൃതിയിലാണ് ചാര്‍മിനാറിന്‍റെ  ഘടന.ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍കുന്ന മിനാരങ്ങള്‍ക്ക് ഏതാണ്ട് 48 അടിയോളം ഉയരം വരും.ഈ ഓരോ മിനാരങ്ങളിലും നാലു തട്ടുകളെന്നപോലെ  കാണാം.ഇതിനുള്ളിലൂടെയുള്ള ഗോവണി കയറി ഏറ്റവും മുകളിലെത്തിയാല്‍ കാണാവുന്നത് ഈ നഗരത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചയാകും.മുകളില്‍ 45  പ്രാര്‍ത്ഥനാ സ്ഥലങ്ങളും വിശാലമായ വരാന്തയും കമാനങ്ങളും കാണാം.പടിഞ്ഞാറു ഭാഗത്തായി മനോഹരമായ ഒരു പള്ളിയുമുണ്ട്.ഹൈദരാബാദിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണിത്.സൂക്ഷിച്ചു നോക്കിയാല്‍ ഹിന്ദു-മുസ്ലിം വാസ്തു ശൈലിയുടെ ഒത്തു ചേരല്‍ പോലെ തോന്നാം നിര്‍മാണ രീതി.മിനാരങ്ങള്‍ പക്ഷേ പൂര്‍ണമായും പുരാതന മുസ്ലിം വാസ്തുശൈലിയില്‍ ആണു.സഞ്ചാരികളുടെ തിരക്കുണ്ടെങ്കിലും ഓരോരുത്തര്‍ക്കും ആവശ്യമായ സൗകാര്യതയും വാഗ്ദാനം ചെയ്യുന്ന പോലെ..ഇനിയും ഒരുപാട് കണ്ടു തീര്‍ക്കാന്‍ ഉണ്ടെന്നത് കൊണ്ട് പെട്ടെന്ന് തന്നെ ചാര്മിനാറില്‍ നിന്നിറങ്ങേണ്ടി വന്നു.അതിനോട് ചേര്‍ന്നുള്ള തെരുവുകളില്‍ ഷോപ്പിങ്ങിനായി ഒരുപാടുണ്ടെന്നതിനാല്‍ തിരിച്ചു ബസില്‍ വേഗം എത്തുക എളുപ്പമായിരുന്നില്ല. കുപ്പിവളകള്‍ക്കും പേളുകള്‍ക്കും പ്രശസ്തമായ ലാഡ് ബസാറിലൂടെ എന്തിനും വിലപേശുന്ന മലയാളിയുടെ ശീലം മറക്കാതെ ഞങ്ങള്‍ നടന്നു...അടുത്തത് ബിര്‍ള മന്ദിര്‍ ആയിരുന്നു ലക്ഷ്യം.

ബിര്‍ള മന്ദിര്‍




ബസ്സില്‍ നിന്നറങ്ങിയതും അതുവരെ ഇല്ലാത്തൊരു മഴ ഓടി വന്നതും ഒന്നിച്ചായിരുന്നു.മഴയെ പ്രതീക്ഷിക്കാത്തതിനാല്‍ ആരും കുട കരുതിയിരുന്നില്ല.മഴ മാറുന്നത് വരെ കാത്തു നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ മഴ നനഞ്ഞു തന്നെ നടന്നു.ഏതൊ റോഡിലൂടെ പാതി ഓടിയും നടന്നുമായ് പോകുമ്പോള്‍ ബിര്‍ള മന്ദിര്‍ എന്ന പേരിനെ കുറിച്ച് ഒന്ന് ചിന്തിക്കാതിരുന്നില്ല.85 മീറ്ററോളം ഉയരത്തില്‍ പണിത ബിര്‍ള മന്ദിര്‍ലേക്കായി സ്റ്റെപ്പുകള്‍ കയറുമ്പോള്‍ മഴ കുറച്ചൊന്നു കുറഞ്ഞു. പൂര്‍ണമായും  വെള്ള മാര്‍ബിളില്‍ തീര്‍ത്ത ബിര്‍ള മന്ദിര്‍ മഴയില്‍ വല്ലാത്തൊരു ആകര്‍ഷണീയതയോടെ ഞങ്ങളെ കാത്തു നില്‍കുന്നുണ്ടായിരുന്നു.ബിര്‍ള ഫൌണ്ടേഷന്‍ പണികഴിപ്പിച്ച ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വെങ്കിടേശ്വരന്‍റെ 11 അടിയോളം ഉയരം വരുന്ന മാര്‍ബിളില്‍ തീര്‍ത്ത രൂപം കാണാം.പ്രതിഷ്ഠയ്ക്ക് കുടയെന്ന പോലെ മാര്‍ബിളില്‍ തന്നെ ഒരു താമരപ്പൂവും ഉണ്ട്.ദ്രാവിഡ-രാജസ്ഥാനി-ഉത്കല്‍ വാസ്തുശില്പ ശൈലികളുടെ സമന്വയമാണ് ക്ഷേത്രം എന്നു പറയാം.പ്രഥാന പ്രതിഷ്ഠ കൂടാതെ പത്മാവതി ,ആണ്ടാള്‍ തുടങ്ങിയ  ഉപ പ്രതിഷ്ഠകളുമുണ്ട്.ബിര്‍ള മന്ദിരില്‍ നിന്ന്‍ നോക്കിയാല്‍ നഗരത്തിന്‍റെ മറ്റൊരു മനോഹര മുഖം കാണാം. ഹുസൈന്‍ സാഗര്‍ തടാകം ,ലുംബിനി പാര്‍ക്ക് എന്നിവയുടെ ചേതോഹരമായ കാഴ്ചയും കാണാം ഇവിടെ നിന്ന്‍..
മൊബൈല്‍ ഫോണും ക്യാമറയുമായി ക്ഷേത്രത്തില്‍ പ്രവേശിക്കനാകില്ല.ദര്‍ശന സമയം:കാലത്ത് 6  മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെയും.

റാമോജി ഫിലിം സിറ്റി 

ഹൈദരാബാദ് നഗരത്തിനു പുറത്ത് അധികം അകലെയല്ലാതെ 2000 ഏക്കറില്‍ ആയി നിലകൊള്ളുന്ന  റാമോജി ഫിലിം സിറ്റി  ശെരിക്കും ഒരു മായാലോകം തന്നെയാണ്.സിനിമാ ലോകത്തെ കുലപതിയായിരുന്ന റാമോജി റാവുവിന്‍റെ സ്വപ്നമാണ് ലോകത്തെ ഏറ്റവും മികച്ച സിനിമ നിര്‍മ്മാണ കേന്ദ്രമായി പിറവിയെടുത്തത്.

ഒരു പകല്‍ മൊത്തം ചെലവഴിച്ചാലും കണ്ടു തീരാത്ത കാഴ്ചകളാണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്നറിയാതെ പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ ഫിലിം സിറ്റിയിലെത്തി.ഓപ്പനിംഗ് സെറിമണി മുതല്‍ അങ്ങോട്ടെല്ലാം വിസ്മയ കാഴ്ചകളായിരുന്നു.മൈക്കിലൂടെ വരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവിധ സ്റ്റേജുകളിലേക്ക് നമ്മള്‍ മാറി മാറി നോക്കിയാല്‍ മതി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും അവിടെ തയ്യാറായിരുന്നു.
ഫിലിം സിറ്റി യുടെ ഉള്ളില്‍ ഞങ്ങളെ കാത്തിരുന്ന അത്ഭുതങ്ങളില്‍ ചിലതായിരുന്നു ജാപ്പാനീസ് ഗാര്‍ഡന്‍,മുഗള്‍ ഗാര്‍ഡന്‍,ബുദ്ധ പ്രതിമ,കൃത്രിമ ജലധാരകള്‍,തടാകങ്ങള്‍,മനോഹരമായ നര്‍ത്തകി ശില്‍പങ്ങള്‍,ഹോസ്പിറ്റല്‍  എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയുടെ ഒറിജിനലിനെ വെല്ലുന്ന  മാതൃകകള്‍,പള്ളികളും അമ്പലങ്ങളും,കൊട്ടാരങ്ങളുടെ മനോഹരമായ അകത്തളങ്ങള്‍,പാര്‍പ്പിട സമുച്ചയങ്ങള്‍,ഷോപ്പിംഗ്‌ സെന്‍ട്രലുകള്‍, യൂറോപ്പിലെയും മറ്റു പാശ്ചാത്യരാജ്യങ്ങളിലേതിനും സമാനമായ കെട്ടിടങ്ങള്‍ മുതലായവ.ഏറ്റവും അവസാനം റാമോജി ഫിലിം മാജിക് ഷോ ആയിരുന്നു.സിനിമ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍  സാധാരണക്കാര്‍ക്കായി ലളിതമായി അവതരിക്കപ്പെട്ടു.ഒരേ സമയം 40 ഇന്ത്യന്‍ സിനിമകളും 20 അന്താരാഷ്ട്ര സിനിമകളും നിര്‍മ്മിക്കാന്‍ തക്ക സൌകര്യമാണ് ഈ ഫിലിം സിറ്റിക്കുള്ളത്.
തിരിച്ചിറങ്ങേണ്ട സമയം ആയി എന്നത് കൊണ്ടു ഇനിയും കണ്ടു തീരാത്ത കാഴ്ചകളെ കുറിചുള്ള നഷ്ട്ടബോധത്തോടെ  ഞങ്ങള്‍ അവിടെ നിന്നിറങ്ങി.

ഗോല്‍കൊണ്ടയും താരാമതിയും

അതെ,അടുത്തത് ഗോല്കൊണ്ട ഫോര്‍ട്ടിലേക്കാണ്.താരാമതി എന്ന നര്‍ത്തകിയുടെ കഥകളിലൂടെ എന്നെ ഒരുപാട് മോഹിപ്പിച്ച ഗോല്കൊണ്ടയിലേക്ക്.ഹൈദരാബാദിലേക്കുള്ള യാത്രയിലുടന്നീളം മനസ്സില്‍ കിലുങ്ങിയ ആ ചിലങ്ക ഇപ്പോള്‍ വളരെ അടുത്താണ്.പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിക്കപെട്ട  ഈ കോട്ട ഒരുപാട് രാജവംശങ്ങളുടെ ഉയര്‍ച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.അത് കൊണ്ടാകണം ചരിത്രത്തെ മുന്‍പില്‍ കാണുന്ന അനുഭൂതിയാണ് ഈ കോട്ട ആദ്യമായ് വരുന്ന സഞ്ചരിക്കു തരുന്നത്.വിശാലമായ ആ കോട്ടയുടെ താഴെ നിന്ന്‍ നോക്കുമ്പോള്‍ തോന്നും ചരിത്രം ഒരു രൂപം ധരിച്ച് നില്ക്കുകയാണ് എന്ന്‍.നിര്‍മിതിയുടെ മനോഹാരിത സമൃദ്ധമായ രാജവംശത്തെ അല്ല മറിച്ച് ഇടയ്ക്ക് നിര തെറ്റി കിടക്കുന്ന ആ കല്ലുകള്‍ അതിനായി പണിയെടുത്ത അടിമകളെയും അവരുടെ ദയനീയമായ മരണത്തെയുമാണ്ഓര്‍മിപ്പിച്ചത്.

പ്രധാന കവാടത്തിനു മുന്‍പില്‍ നിന്ന്‍ കയ്യടിക്കുന്ന സന്ദര്‍ശകരെ കാണാം.പ്രശസ്തമായ ഗോല്കൊണ്ടയിലെ ആ ശബ്ദ സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണവര്‍.അവിടെ നിന്ന്‍ കയ്യടിച്ചാല്‍ കിലോമീറ്ററുകള്‍ക്കപ്പുറം 300 അടി ഉയരത്തിലുള്ള  ഒരു പൊയന്റില്‍ കേള്‍ക്കാം.പ്രതിരോധത്തിനായും ശേഷം പാട്ടും നൃത്തവും നിറഞ്ഞ മനോഹര രാത്രികളില്‍ താരാമതിക്കായും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കോഹിനൂര്‍ അടക്കം വില കൂടിയ ഒട്ടേറെ രത്നങ്ങളുടെ ജന്മ സ്ഥലമായ ഗോല്കൊണ്ടയിലെ മറ്റൊരു അപൂര്‍വ്വ രത്നമായിരുന്നു താരാമതി-രാജസദസ്സിനെ വിസ്മയിപ്പിക്കുകയും അബ്ദുള്ള കുത്തബ് ഷായുടെ മനം കവരുകയും ചെയ്ത സുന്ദരിയായ നര്‍ത്തകി.അതിലുപരി മനോഹരമായ ശബ്ദത്തിനുടമ.പിന്നീട് അബുള്ള കുത്തബ് ഷാ താരാമതിയെ തന്‍റെ റാണിയാക്കുകയും താരമതിക്കും സഹോദരി പ്രേമാവതിക്കുമായി പ്രത്യേക സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തു.ഇന്നും ആ നൃത്ത മണ്ഡപത്തില്‍ താരമാതിയെ കണ്ടെന്നു പറയുന്നവര്‍ എത്രയെത്ര..!
അടിമകളെ പാര്‍പ്പിച്ച തടങ്കലുകളും കോട്ട നിര്‍മാണത്തിനിടെ മരിച്ച അടിമകളുടെ ശവങ്ങള്‍ കൂടിയിട്ടു എന്ന്‍ പറയപ്പെടുന്ന സ്ഥലവും കാണാം.ഇതിനൊക്കെ മുന്‍പില്‍ മറ്റു പ്രതാപങ്ങളുടെ ചരിത്രങ്ങള്‍ക്ക് എന്ത് പ്രസക്തി..!
കോട്ടയുടെ മുകളിലായി ഒരു ചെറിയ ക്ഷേത്രവും കാണാം..ഇവിടെയും താരാമതി വന്നിരുന്നോ എന്തോ...ഇനിയും വരാമെന്ന്‍ പറഞ്ഞാണ് ഗോല്‍കൊണ്ടയില്‍ നിന്നിറങ്ങിയത്...കാണാന്‍ ഇനിയും കാഴ്ചകള്‍ ബാക്കി.