Monday, 27 October 2014

ചെട്ടിനാട്- ചരിത്രത്തിന്‍റെ കാണാകാഴ്ചകളിലേക്ക് ഒരു യാത്ര


          ഓരോ യാത്രയും ഓരോ അനുഭവമാണ്..കാഴ്ചകളുടെ ഉത്സവം തേടിയുള്ള യാത്രകളില്‍ ഓരോന്നിലും തോന്നാറുണ്ട് അദൃശ്യമായ ചരടിനാല്‍ ഞാന്‍ പണ്ടേ ആ സ്ഥലങ്ങളുമായി ബന്ധിപ്പിക്കപെട്ടിരുന്നു എന്ന്‍... പൊയ്പ്പോയ ജന്മങ്ങള്‍ ബാക്കി വെച്ച കാഴ്ചകള്‍ ആണത്രേ നമ്മെ ഓരോ യാത്രയ്ക്കും പ്രേരിപ്പിക്കുന്നത്.. അതെ, ശരിയാണ്.. ചില സ്ഥലങ്ങള്‍ മുന്‍പെന്നോ വന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.. അത്തരം ഒന്നായിരുന്നു ചെട്ടിനാടും.. ചെട്ടിനാട്ടെ സമ്പന്നരായ പ്രഭുക്കളുടെ കഥകള്‍ കേട്ട് വളര്‍ന്ന ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.. ചെട്ടിനാടെന്നാല്‍ എനിക്കന്നൊരു മാന്ത്രിക ലോകമായിരുന്നു.. പറഞ്ഞു കേട്ട കഥകളുടെ കൂടെ എന്‍റെ തന്നെ ഭാവനയും ചേര്‍ന്നപ്പോള്‍ ചെട്ടിനാട്ടെ ഓരോ വീടും എനിക്ക് രാജകൊട്ടാരങ്ങളായി.. ഓരോ കൊട്ടാരത്തിലും ഓരോ രാജാവും അസംഖ്യം രാജകുമാരികളും കുമാരന്മാരും... അലങ്കരിച്ച രഥവും നാട്ടുവഴികളില്‍ പോലും സ്വര്ണുനാണയങ്ങളുടെ കിലുക്കവും.. വര്‍ഷങ്ങള്‍ക്കിപ്പുറം ചെട്ടിനാടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സ് വീണ്ടും ആ കൊച്ചുകുട്ടിയുടെതായിരുന്നു..

        കാരൈകുടി ദേശത്തിന് ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന 75 ഗ്രാമങ്ങളുടെ കൂട്ടമാണ് ചെട്ടിനാട്.. തമിഴ്നാടിന്‍റെ തെക്ക് ഭാഗത്തായുള്ള ശിവഗംഗ ജില്ലയില്‍ ആണ് കാരൈകുടി.. തമിഴ്നാട്ടിലെ കച്ചവട സാമ്രജ്യത്തിന്‍റെ അധിപന്മാരായിരുന്ന ചെട്ടിയാര്‍മാരുടെ ജന്മദേശമായാണ് ചെട്ടിനാട് ഖ്യാതി കേട്ടത്.. പുരാതനമായ കെട്ടിടങ്ങളും ശില്പകല വിളിച്ചോതുന്ന ക്ഷേത്രങ്ങളും.. പ്രശതമായ ചെട്ടിനാട് ഭക്ഷണവും.. അതെ, സഞ്ചാരിക്കായി നല്‍കാന്‍  ചെട്ടിനാടിനു ഒരുപാടുണ്ട്...
  കേരളത്തില്‍ നിന്ന്‍ തുടങ്ങുമ്പോള്‍ തൃച്ചി-രാമേശ്വരം ഹൈവേയിലൂടെ പുതുക്കോട്ടെ വഴിയാണ് പോകേണ്ടത്...പഴനി–മധുര യാത്രയുടെ കൂടെ ആയിരുന്നു ഞങ്ങള്‍ ചെട്ടിനാടും ഉള്‍ക്കൊള്ളിച്ചത്. അങ്ങനെയാകുമ്പോള്‍  മധുരയില്‍ നിന്ന്‍ കിഴക്ക് 80 കി.മീ അകലത്തിലാണ് ചെട്ടിനാട്.. തൃച്ചിയില്‍ നിന്നാണെങ്കില്‍ 82 കി.മീ തെക്കും..
  യാത്രയുടെ ആലസ്യത്തില്‍ ഒന്ന് മയങ്ങിയിരുന്നു.. കണ്ണു തുറന്നത് കാഴ്ച്ചകളിലെക്കായിരുന്നു.. മനസ്സില്‍ ഞാന്‍ കണ്ട ചെട്ടിനാടായിരുന്നില്ല അത്.. സങ്കല്‍പ്പങ്ങളുടെ നിഴലാട്ടം മാത്രമായിരുന്നു.. കനപ്പെട്ട നിശബ്ദതയില്‍ ചെമ്മണ്പാതയ്ക്കിരുവശത്തുമായി മണിമന്ദിരങ്ങള്‍- പഴയ പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ എന്നോണം.. കഥയിലെ പോലെ ഏതോ ശാപത്താല്‍ ഈ മഹാസൗധങ്ങളില്ലുള്ളവരെല്ലാം ഉറങ്ങുകയായിരിക്കുമോ.. ഏതോ രാജകുമാരന്‍റെ സ്പര്‍ശം കാത്ത് ചിലപ്പോള്‍ ഇതിലെ ഏതോ മുറിയില്‍ ഒരു രാജകുമാരിയും ഉറങ്ങുന്നുണ്ടാകും.. ശാപമോക്ഷത്തിനായി... ആളും ആരവവും ഇല്ലെന്നൊഴിച്ചാല്‍ കാഴ്കള്‍ വിസ്മയം തന്നെ ആണ്..  ആയിരം മുറികളുള്ള , ആയിരം തൂണുകള്‍ ഉള്ള , ഒരു ദിവസം കൊണ്ട് കണ്ടു തീരാത്തത്ര വിശാലമായ സൗധങ്ങള്‍ ചെട്ടിനാടിന്‍റെ മാത്രം പ്രത്യേകതയാകും.. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ വീടുകളല്ല.. പാതയ്ക്കിരുവശവുമുള്ള എല്ലാ വീടുകളും ഒന്നിനൊന്ന് മെച്ചം.. കാഴ്ചകള്‍ ഒരുപാടുണ്ടെങ്കിലും ഒരു ദിവസമേ ചെട്ടിനാടിനായി ഉണ്ടായിരുന്നുള്ളൂ..

അല്പം ചരിത്രം.. 
രാജാക്കന്മാരാല്‍ ഉപേക്ഷിക്കപെട്ട സാമ്രാജ്യം പോലെ ആണ് ചെട്ടിനാട്.. തീര്‍ത്തും  ഉപേക്ഷിക്കപെട്ട സൗഭാഗ്യങ്ങളാണിവിടെ ഉള്ള കാഴ്ചകള്‍ ഓരോന്നും.. പണ്ട് കൊട്ടാരസദൃശ്യമായ വീടുകളുടെയും കച്ചവട തന്ത്രങ്ങളുടെയും പേരില്‍ പുകള്‍പെറ്റ നഗരമായിരുന്നു ഇത്.. പാണ്ട്യരാജാക്കന്മാരുടെ ഉറ്റ മിത്രങ്ങളായിരുന്നു ചെട്ടിയാര്‍മാര്‍.. കച്ചവടങ്ങളിലൂടെ കുന്നുകൂടിയ പണമൊക്കെ അവര്‍ മഹാസൗധങ്ങളാക്കി.. രാജ കൊട്ടാരത്തെ പോലും അതിശയിപ്പിക്കുന്നവ ഉണ്ടായിരുന്നു അവയില്‍.. ഇറ്റാലിയന്‍ മാര്‍ബിളും ഫ്ലോറെന്‍സും, മലേഷ്യ എന്ന് വേണ്ട ലോകത്തിന്‍റെ  എല്ലാ കോണില്‍ നിന്നുമുള്ള അലങ്കാര വസ്തുക്കള്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങി അവരാ മണിമാളികകള്‍ അലങ്കരിച്ചു.. കച്ചവടത്തിലെ അതികായന്മാരായിരുന്ന ചെട്ടിയാര്‍മാര്‍ ആയിരുന്നു പാണ്ട്യരാജാവിന്‍റെ സാമ്പത്തിക ശക്തിയും.. പിന്നീടെപ്പോഴോ രാജാക്കന്മാരും ചെട്ടിയാര്‍മാരുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടി.. ചെട്ടിയാര്‍മാരെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ അപ്പോള്‍ ചോള രാജക്കന്മാര്‍ തയ്യാറായി നിന്നു.. കാരൈകുടിയിലും പരിസരത്തുമായി ചെട്ടിയാര്‍മാരുടെ സാമ്രാജ്യം വളര്‍ന്നു .. ചെട്ടിനാടെന്ന്‍ കാലം അതിനെ പേരു ചൊല്ലി വിളിച്ചു..
രണ്ടാം ലോകമഹായുദ്ധമാണ് ചെട്ടിനാടിന്‍റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്.. വിദേശത്തുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ്‌ സംരംഭങ്ങളെല്ലാം തകര്ന്നു .. ചെട്ടിനാടിന്റെ നിറം മങ്ങി തുടങ്ങുകയായിരുന്നു.. മഹാസൗധങ്ങള്‍ അവര്‍ക്കൊരു ബാധ്യത ആയി തുടങ്ങുകയായിരുന്നു.. തൊഴില്‍ തേടി പലരും പല നാടുകളിലേക്ക് ചേക്കേറി.. പുതു തലമുറ ചെട്ടിനാടിലേക്ക് മടങ്ങി വരാന്‍ മടിച്ചു.. അങ്ങനെ ഇവിടുത്തെ വീടുകളോരോന്നും ഒരു പ്രതാപ കാലത്തിന്‍റെ' ഓര്‍മ്മകള്‍ മാത്രമായി..

വിസ്മയങ്ങളുടെ അകകാഴ്ച്ചകളിലേക്ക്...
  
       
            ഇവിടുത്തെ വീടുകളില്‍ ഭൂരിപക്ഷവും വെറുതെ അടച്ചിട്ടിരിക്കുന്നവയാണ്.. ചിലതില്‍ മാത്രം കാവല്ക്കാരുണ്ട്.. ഇവരെ ആരും കാവലിനായി ഏല്പിച്ചതല്ല.. വല്ലപ്പോഴും വരുന്ന സന്ദര്‍ശകര്‍ മനസറിഞ്ഞു കൊടുക്കുന്ന സഹായമല്ലാതെ ഇവര്‍ക്കിതില്‍ നിന്നൊന്നും കിട്ടാനുമില്ല.. താമസിക്കാന്‍ വീടില്ലാത്ത ഇവര്‍ സ്വയം ഏറ്റെടുത്തതാണ് ഈ കാവല്‍ ജോലി..വല്ലാത്ത വൈരുദ്ധ്യമുണ്ടായിരുന്നു ആ കാഴ്ചയില്‍..ദൈന്യം നിറഞ്ഞ അവരുടെ മുഖങ്ങളും അവയ്ക്ക് പിറകിലെ ആരെയും അമ്പരപ്പിക്കുന്ന മഹാ സൌധങ്ങളും.. ഈ വീടിനിപോള്‍ ഉള്ള അവകാശികള്‍ ഇവര്‍ ആണ്.. ഒരു നേരത്തെ ഭക്ഷണത്തിനു വക ഇല്ലെങ്കിലും താമസം കൊട്ടാരത്തില്‍..! ഞങ്ങള്‍ കയറി ചെന്ന വീടിന്‍റെ ചരിത്രം അതിന്‍റെ കാവല്ക്കാരിയായ സ്ത്രീ തമിഴില്‍ പറഞ്ഞു തുടങ്ങി..175 കൊല്ലം പഴക്കമുണ്ടത്രെ ആ വീടിനു.. കൊത്തുപണികള്‍ നിറഞ്ഞ വാതിലുകളും ചുമരുകളും..വിലകൂടിയ മാര്‍ബിളിന്‍റെ തണുപ്പ് കാലുകളില്‍...300 മുറികളുണ്ടത്രെ അവിടെ..അവിടെ താമസിച്ചിരുന്നവര്‍ ആ മുറികള്‍ എല്ലാം എപ്പോളെങ്കിലും കണ്ടിരിക്കുമോ എന്ന് പോലും സംശയമാണ്..കാഴ്ചകളില്‍ പകുതി പോലും കാണാതെ ആയിരുന്നു മടക്കം..ഇടയ്ക്ക് ചെറുതായെങ്കിലും ഈ നാടിന്‍റെ രുചി അറിഞ്ഞു.. കാഴ്ച്ചകള്‍ക്കായല്ലെങ്കില്‍ ഈ രുചി തേടി തീര്‍ച്ചായായും വരാം ഇവിടേക്ക്.. കണ്ടു തീരാത്ത കാഴ്ചകള്‍ തേടി ഞാനിനിയും വരും..

Friday, 24 October 2014

നവഗ്രഹക്ഷേത്ര ദര്‍ശനം(തുടര്‍ച്ച....)

രാഹുക്ഷേത്രം


കുംഭകോണത്തു നിന്ന്‍ 28 കി.മീ അകലെയാണ് തിരുന്നാഗേശ്വരം നാഗനാഥ ക്ഷേത്രം. പ്രധാന പ്രതിഷ്ട്ട നാഗ ദേവനായ ശിവനാണ്. ദേവി ഗിരികുജാമ്പികയും.. നാഗ രാജാവായ രാഹുവിന്‍റെ അമ്പലമാണിത്. വിശാലമാണ് ക്ഷേത്രം.. രാഹുവിനായി പ്രത്യേകം കോവിലുണ്ട്. ഇവിടുത്തെ ദേവി പ്രതിഷ്ട്ട വിവിധ സ്ത്രൈണ ഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. രാവിലെ ചെറിയ പെണ്‍കുട്ടിയും ഉച്ചയ്ക്ക് യുവതിയും രാത്രി അമ്മയായും ദേവി രൂപം മാറുന്നു.. രാഹു ക്ഷേത്ര ദര്‍ശനം രാഹു ദോഷം പിടിപെട്ടവര്‍ക്ക് നല്ലതാണെന്നാണ് വിശ്വാസം..

ശനിദേവ ക്ഷേത്രം

കര്‍ശനമായ സുരക്ഷാസംവിധാനങ്ങളാണ് ശനിദേവ ക്ഷേത്രത്തില്‍.. അകത്തേക്ക് ക്യാമറ അനുവദിനീയമല്ല. അഭിഷേകവും കറുത്ത പട്ടുമാണ് ശനി ദേവനുള്ള വഴിപാടുകളില്‍ പ്രധാനം. നിരവധി കോവിലുകളും തീര്‍ത്ഥങ്ങള്മുള്ള വലിയ ക്ഷേത്രമാണിത്.. ഇവിടെയുള്ള തീര്‍ത്ഥത്തില്‍ കുളിച്ചാണത്രെ നളന്റെ കലി ദോഷം അകന്നത്..ശനി ദോഷം അകറ്റാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവിടെ വരണമെന്നാണ് പറയുന്നത്.

കേതു ക്ഷേത്രം

കീഴ്പെരുംപള്ളം കേതുക്ഷേത്രം വളരെ ചെറിയൊരു ക്ഷേത്രമാണ്. ആള്‍തിരക്ക് കുറഞ്ഞൊരു പ്രദേശത്ത്..ക്ഷേത്രത്തിനകത്തും ആള്‍ത്തിരക്ക് അധികമില്ല. സന്ധ്യയോടടുത്തിരുന്നു എത്തുമ്പോള്‍. കേതു ദോഷം തീര്‍ക്കാന്‍ പരിഹാരമായി ഇവിടെ ഭജനമിരിക്കണമെന്നതാണ് വിശ്വാസം.. ഈ ദിവസത്തെ യാത്ര ഇവിടെ അവസാനിക്കും..ഇനി നാളെ..

വൈതീശ്വരന്‍ കോവില്‍

പിറ്റേന്ന് രാവിലെ ആദ്യ സന്ദര്‍ശനം ചൊവ്വയ്ക്ക്‌ ആയുള്ള വൈതീശ്വരന്‍ കോവിലിലെക്കായിരുന്നു. വളരെ വലിയ ക്ഷേത്രമാണിത്..ഒരുപാട് കോവിലുകളും നീണ്ട ഇടനാഴികളുമായി.. മുഖ്യ പ്രതിഷ്ട്ട ശിവനാണ്.. വൈദ്യ ചികിത്സയില്‍ കഴിവും അറിവും നേടാന്‍ ഇവിടുത്തെ ദേവന്‍ സഹായിക്കുമെന്നാണ് വിശ്വാസം..അതിനാല്‍ തന്നെ ക്ഷേത്രത്തിനകത്ത് ഭജനമിരിക്കുന്ന വൈദ്യന്മാരെ കാണാം.. ചൊവ്വയ്ക്ക്‌ ആയി കോവിലുണ്ട്.. നാഡീജ്യോതിഷത്തിനു പ്രശസ്തമാണ് ഈ ദേശം..

ബുധക്ഷേത്രം

വൈതീശ്വരന്‍ കോവിലില്‍ നിന്ന്‍ ഏകദേശം 15 കി.മീ ഉണ്ട് തിരുവേങ്കാട് ബുധക്ഷേത്രത്തിലേക്ക്.. കാശിക്ക് തുല്യമായ ആറു പുണ്യ സ്ഥാനങ്ങളില്‍ ഒന്നയാണിവിടം കണക്കാക്കപ്പെടുന്നത്.. ബുധ പ്രീതിക്കായി കുട്ടികളില്ലാത്ത ദമ്പതികള്‍ ധാരാളം എത്തുന്നുണ്ട് ഇവിടെ..

നവഗ്രഹ യാത്ര ഇവിടെ തീരുന്നു.. 3 ദിവസം നീണ്ട യാത്രയ്ക്കൊടുവില്‍ മനസിലാകുന്നു... ഈ യാത്ര ഉള്ളില്‍ കുടി കൊള്ളുന്ന എന്‍റെ തന്നെ വിവിധ ഭാവങ്ങളെ അന്വേഷിച്ചായിരുന്നു എന്ന്.. ഓരോ ഗ്രഹവും എന്‍റെ ഉള്ളിലായിരുന്നു.. .എന്‍റെ ഉള്ളിലെ നന്മയും തിന്മയുമായിരുന്നു ...മടക്കം..കാവേരിയുടെ താളമറിഞ്ഞുകൊണ്ട്... വഴിയോരങ്ങളില്‍ പിന്നെയും ഉണ്ട് നാട്ടു ദൈവങ്ങള്‍.. ഊര് കാക്കുന്ന അമ്മ ദൈവങ്ങള്‍.. ഏത് ഇരുളിലും കാണാം..കത്തിച്ചു വെച്ച ഒരു നറുതിരി എങ്കിലും...അവയെല്ലാം ജ്വലിക്കുന്നത് ഒരു നാടിന്‍റെ പ്രതീക്ഷകളുമായാണ്...

Thursday, 23 October 2014

നവഗ്രഹക്ഷേത്ര ദര്‍ശനം

നവഗ്രഹങ്ങളുടെ പുണ്യവും അനുഗ്രഹവും തേടിയുള്ള ഒരു യാത്രയാണിത്‌.. സൂര്യ-ചന്ദ്രന്മാരും, ബുധ-ശുക്രന്മാരും കാവല്‍ നില്‍ക്കുന്ന വഴികളിലൂടെ സ്വയം അറിഞ്ഞും അനുഗ്രഹ വര്‍ഷം തേടിയുമുള്ള പുണ്യയാത്ര.. രാശി മണ്ഡലത്തില്‍ കാവല്‍ നില്‍ക്കുന്ന നവഗ്രഹങ്ങളെയെല്ലാം കണ്ട് വന്ദിക്കാന്‍.., ഭൂമിയില്‍ നിന്ന്‍ തന്നെ ഗ്രഹങ്ങളില്‍ നിന്ന്‍ ഗ്രഹങ്ങളിലേക്ക് ജന്മ പുണ്യം തേടി കൊണ്ട്....

നവഗ്രഹ ക്ഷേത്ര ദര്‍ശനം പുണ്യം മാത്രമല്ല, സ്വയം അറിയല്‍ കൂടിയാണ്.. ഈ ഒന്‍പതു ക്ഷേത്രങ്ങളും പ്രതിനിധീകരിക്കുന്നത് മനുഷ്യ ശരീരത്തെ ആണ്..ദേഹത്തിന്‍റെ ചിത്താകാശമാണത്രെ മനസ്സ്.. ആ മനസ്സും ആത്മാവുമാണിവിടെ സഞ്ചാരിയായി അലയുന്നത്.. നവഗ്രഹ ക്ഷേത്രങ്ങള്‍ കാണാതെ മറ്റേത് അമ്പലങ്ങളില്‍ ചെല്ലുന്നതും വ്യര്‍ത്ഥമത്രേ.. സ്വയം അറിയല്‍ തന്നെ ആണല്ലോ ആത്മസാക്ഷാത്കാരത്തിന്‍റെ ആദ്യ പടി..
ഓരോ മനുഷ്യനിലുമുണ്ട് നവഗ്രഹങ്ങളോരോന്നും..സൂര്യന്‍ ആത്മാവും മനസ്സ് ചന്ദ്രനും..ചൊവ്വ നിര്‍വ്വികാരത്വം..ബുധന്‍ വാക്ക്..ജ്ഞാനവും സുഖവും വ്യാഴം..സമ്പത്തും മദനത്വവും ശുക്രന്‍..ശനി പ്രേക്ഷ്യത്വവും രാഹു-കേതുക്കള്‍ തിന്മാഭാവങ്ങളും..
കാവേരി നദിക്കരയിലുള്ള ഗ്രാമങ്ങളിലാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.. ദര്‍ശനത്തിനു പാലിക്കേണ്ട ക്രമമുണ്ടെങ്കിലും ദൂരം അതിനനുവദിക്കില്ല..കുംഭകോണത്തായിരുന്നു ഞങ്ങളുടെ താമസം. 3 ദിവസത്തെക്കായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. കുഭകോണതെത്തിയതിന്റെ അടുത്ത ദിവസം പുലര്‍ച്ചെ തന്നെ നവഗ്രഹങ്ങളുടെ പുണ്യം തേടി ഇറങ്ങി..കീഴ്വഴക്കമനുസരിച്ച് ആദ്യം കണ്ടു വണങ്ങേടത് സൂര്യ ഭഗവാനെയാണ്., എങ്കിലും കുംഭകോണത്തു നിന്ന്‍ തുടങ്ങുമ്പോള്‍ തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രമാണ് ആദ്യം.

ചന്ദ്ര ക്ഷേത്രം

തിങ്കള്ളൂരില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്ന് വരുന്നതെ ഉള്ളു..ആദ്യ സൂര്യകിരണങ്ങള്‍ ഭൂമിയില്‍ എത്തുമ്പോള്‍ മനസ്സില്‍ സൂര്യ ഭഗവാനോട് ക്ഷമാപണം നടത്തി..ഒറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് തിങ്കള്ളൂരിലെ ചന്ദ്ര ക്ഷേത്രം..ചുറ്റും പാടങ്ങള്‍..വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ തൊഴുതിറങ്ങി. കൈലാസനാഥനും പെരിയനായകിയുമാണ് പ്രധാന പ്രതിഷ്ട്ട. ഉപദേവതയായി ചന്ദ്രനും... ഉച്ചവെയിലിന് മുന്‍പേ ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രത്തില്‍ എത്തേണ്ടതാണ്..

ആളാങ്കുടിയിലെ വ്യാഴ ക്ഷേത്രം
ഭജിക്കുന്നവരെ കൈ വിടാത്ത ഗുരു ക്ഷേത്രമാണ് ആളാങ്കുടിയിലെത്. ക്ഷേത്രത്തിനു ഇടത്തരം വലിപ്പമേ ഉള്ളു.. എടുത്തു പറയത്തക്ക കൊത്തു പണികളും ഇല്ല..തിരക്കും നന്നേ കുറവ്..വേഗം വലം വെച്ചു വന്നു.. 24 തവണ വലം വെക്കണമെന്നതാണ് കണക്ക്..എന്നാല്‍ ഞങ്ങള്‍ക്കിനിയും 7 ക്ഷേത്രങ്ങള്‍ ബാക്കിയായത് കൊണ്ട് ഒരു തവണയില്‍ നിര്‍ത്തി.. തീര്‍ഥവും മണ്ഡപവും ഇടനാഴിയും കടന്ന് ദക്ഷിണാമൂര്‍ത്തിയുടെ നടയില്‍.. വ്യാഴ ക്ഷേത്രം എന്നാണ് പേരെങ്കിലും ഇവിടെയും ചന്ദ്ര ക്ഷേത്രത്തിലെ പോലെ വ്യാഴം പ്രധാന പ്രതിഷ്ട്ടയല്ല.. ചുമരില്‍ കൊത്തിയ ഉപദേവനാണ്..അടുത്തത് സൂര്യക്ഷേത്രത്തിലെക്ക്.. അതിനു മുന്പ് ഭക്ഷണം കഴിക്കണം..

സൂര്യ ക്ഷേത്രം

ഉച്ച പൂജയ്ക്ക് നട അടച്ചിട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിനു വിശ്രമം കഴിഞ്ഞാണ് സൂര്യ ക്ഷേത്രത്തിലേക്ക് തിരിച്ചത്.. മറ്റു രണ്ട് ക്ഷേത്രങ്ങള്‍ പോലെയല്ല സൂര്യനാര്‍ കോവിലെ സൂര്യക്ഷേത്രം.. കൊത്തുപണികളോട് കൂടിയ വലിയ ക്ഷേത്രമാണ്.. സൂര്യന് മാത്രമായുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.. സൂര്യ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനു മുന്പ് സമീപത്തുള്ള സൂര്യപുഷ്കരണി തീര്‍ഥത്തില്‍ കുളിച്ചു കയറണം എന്നാണ് ചിട്ട.. സന്ദര്‍ശകര്‍ക്ക് അധികവും അതിനു സാധിക്കാത്തത് കൊണ്ട് തീര്‍ത്ഥം തലയില്‍ തളിച്ചാലും മതി പകരം.. നേരെ ചെന്ന്‍ സൂര്യ ഭഗവാനെ വണങ്ങുവാന്‍ പാടില്ല.. ആദ്യം കോല്‍തീര്‍ത്ഥവിനായകരെയും നടരാജനെയും നവഗ്രഹങ്ങളെയും വണങ്ങി കാശി വിശ്വനാഥനെയും വിശാലാക്ഷി അമ്മയെയും ദര്‍ശിക്കണം..പിന്നീട് ഗുരു മണ്ഡപത്തില്‍ ചെന്ന്‍ അനുഗ്രഹം വാങ്ങിയിട്ടെ സൂര്യ ദര്‍ശനം പാടുള്ളൂ.. ആദ്യം സൂര്യ ഭഗവാനെ കാണാന്‍ വരാഞ്ഞതിന് പരിഹാരമാകട്ടെ എന്ന കരുതി എല്ലാം വിധി പ്രകാരം പോലെ തന്നെ ചെയ്ത് സൂര്യ സന്നിധിയില്‍ ചെന്ന്‍ വണങ്ങി.. സൂര്യ തേജ്ജസ് ഉള്ളില്‍ നിറയുന്ന പോലെ...കുറച്ചധികം സമയം തന്നെ അവിടെ ചിലവായിരുന്നു.. ഇനി ശുക്ര സന്നിധിയിലേക്ക്..

ശുക്രക്ഷേത്രം
കാഞ്ചനൂരിലെ അഗ്നീശ്വര ക്ഷേത്രമാണ് ശുക്ര ക്ഷേത്രമെന്ന്‍ അറിയപ്പെടുന്നത്..സൂര്യ ക്ഷേത്രത്തില്‍ നിന്ന്‍ 3 കി.മീ ദൂരമേ ഉള്ളു ഇങ്ങോട്ട്. ആള്‍ത്തിരക്കില്ലാത്ത വളരെ ചെറിയ ഒരു ക്ഷേത്രമാണിത്..ശിവനാണ് പ്രഥാന പ്രതിഷ്ഠ.. ശുക്രനായി പ്രത്യേക കോവിലോ പ്രതിഷ്ട്ടയോ ഇല്ല.. അഗ്നീശ്വരനെ തന്നെ ആണ് ശുക്രനായും സങ്കല്‍പ്പിക്കുന്നത്..
സമയം വൈകുന്നേരം കഴിഞ്ഞിരുന്നു..ഇന്നിനി യാത്ര തുടര്‍ന്നാലും തൊഴാന്‍ കഴിയണമെന്നില്ല.. ഞങ്ങള്‍ ലോഡ്ജിലേക്ക് തന്നെ മടങ്ങി..ഇനിയും 5 ക്ഷേത്രങ്ങള്‍ ബാക്കി.. കണ്ട് വണങ്ങിയ ഗ്രഹങ്ങളെല്ലാം കൂടെ നില്‍ക്കുന്ന പോലൊരു തോന്നല്‍...



Wednesday, 22 October 2014

മുരുഡേശ്വരം

ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ആണ് മുരുഡേശ്വരത്തെത്. മുന്‍ ധാരണകള്‍ ഒന്നും ഇല്ലാതെയാണ് എത്തിയത്. അതിനാല്‍ തന്നെ ദൂരെ നിന്നെ കാണായ കൂറ്റന്‍ ശിവ പ്രതിമ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത്.. ഒരു കടല്‍ തീര ദേശമാണ്‌ മുരുഡേശ്വരം. മൂന്നു ഭാഗവും കടല്‍.. വൃത്തിയുള്ള കടലോരം.. സമയം വൈകുന്നേരത്തോടടുത്തിരുന്നു.. കടല്‍ കാറ്റിന്‍റെ ഊഷ്മളതയും ദൂരെ കാണുന്ന പത്മാസനത്തിലമാര്‍ന്ന ശിവ പ്രതിമയും.. ഭക്തിയും അത്ഭുതവും  ഒരു പോലെ നിറയും അവിടെ എത്തുന്ന ഏതൊരു സഞ്ചാരിയുടെ മനസ്സിലും... 

 മൂന്നു വശവും കടലിനാല്‍ ചുറ്റപെട്ട കന്ദുകഗിരി എന്ന ചെറിയൊരു കുന്നിന്‍ പുറത്താണ് ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ മൃഡേശ്വരനാണു. ക്ഷേത്ര ഗോപുരത്തിനകത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അപ്പോള്‍ സഞ്ചാരികളെ കയറ്റിയിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ആ ഉയരങ്ങളില്‍ ചെന്നാല്‍ കൂറ്റന്‍ ശിവ പ്രതിമയെ ഒന്ന്‍ മുഖാമുഖം കാണാമായിരുന്നു. തൊഴുത് ക്ഷേത്രത്തിനു ചുറ്റുമായി നടക്കുമ്പോള്‍ കാണാം ചുറ്റുമുള്ള മതിലുകളില്ലെല്ലാം കഥ പറയുന്ന സ്വര്‍ണ വര്‍ണ്ണം പൂശിയ ശില്പങ്ങള്‍.. ചുറ്റിലുമായി ഉപദേവതകളും തീര്‍ഥങ്ങളും.. കൊത്തുപണികളിലെ കമനീയത അല്ല , വ്യത്യസ്തമായ രൂപ ഭംഗി ആണു ക്ഷേത്രത്തിന്റെ  ആകര്‍ഷണം.. ശിവ പ്രതിമ മാടി വിളിക്കുന്നു..സ്റ്റെപ്പുകള്‍ കയറി ധ്യാനലിമഗ്നമായിരിക്കുന്ന മഹാദേവന്റെ മുന്‍പിലെത്തി.. പാതി തുറന്ന മിഴികള്‍.. മുന്‍പില്‍ നന്ദിയുടെ രൂപം.. കഴുത്തില്‍ ചുറ്റിയ നാഗത്തിനു സ്വര്‍ണ വര്‍ണ്ണം..ഉടുക്കും ത്രിശൂലവും.. ഇത്രയും ഗാംഭീര്യമുള്ള ശിവ പ്രതിമ മറ്റെങ്ങും തന്നെ കണ്ടിട്ടില്ല.. അത്ഭുതങ്ങള്‍ അവസാനിച്ചില്ല..പത്മാസനത്തിലിരിക്കുന്ന ശിവ പ്രതിമയ്ക്ക് താഴെ,പാറയുടെ അടിയില്‍, മ്യുസിയം ആണ്..പുരാണകഥ സന്ദര്‍ഭങ്ങള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.. കണ്ണുകളില്‍ അത്ഭുതം നിറയുന്നു.. ഇപ്പോള്‍ എന്‍റെ നേരെ മുകളിലാണല്ലോ മഹാദേവന്റെ ഇരിപ്പിടം..!

കോണ്‍ക്രീറ്റ് കൊണ്ടുള്ള ഈ ശിവ പ്രതിമ നിര്‍മ്മിച്ചത് കാശിനാഥ് എന്ന് പേരുള്ള ശില്പിയും സംഘവുമാണ്.നിര്‍മ്മാണ ചെലവു ഒരു കോടി രൂപയിലധികം വരും.. കാലങ്ങള്‍ പിറകോട്ട് പോയാല്‍ മുരുഡേശ്വരം വെറുമൊരു മുക്കുവ ഗ്രാമമായിരുന്നു.. അതില്‍ നിന്ന്‍ ലോകത്തിന്‍റെ തന്നെ നെറുകയിലേക്കുള്ള ഈ മാറ്റം എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ആര്‍.എന്‍.ഷെട്ടി എന്ന ദീര്‍ഘവീക്ഷിയായ ധനികനാണ്..ക്ഷേത്ര പുനര്‍ നിര്‍മ്മാണവും പ്രതിമയും എല്ലാം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട് തന്നെ..
കുറച്ച് ദൂരെയായി വീണ്ടും ശില്പങ്ങള്‍..ഗീതോപദേശത്തിന്‍റെയും, രാവണന്റെയും ഗണപതിയുടെയുമൊക്കെ. മറ്റൊരു പ്രധാന ആകര്‍ഷണം ഏഴു കുതിരകളെ പൂട്ടിയ അഗ്നി രഥത്തില്‍ സഞ്ചരിക്കുന്ന സൂര്യ ഭഗവാന്‍റെ പ്രതിമയാണ്..ചക്രവാളത്തില്‍ അസ്തമയ സൂര്യന്‍..സ്വര്‍ണ വര്‍ണ്ണത്തിലെ സൂര്യ ശില്പവും ജ്വലിക്കുന്ന അസ്തമയ സൂര്യനും ഒന്ന് ചേരുന്ന ചേതോഹര കാഴ്ച.. ഇത് വരെ കണ്ടത്തില്‍ വെച്ച് ഏറ്റവും മനോഹരമായ അസ്തമയമായിരുന്നു അത്.. കാറ്റും കടലും താളം പിടിക്കുന്ന, കണ്‍മുന്‍പില്‍ മഹാദേവനുള്ള ഇത്രയും ശോഭയുള്ള അസ്തമയം ഇനി എപ്പോളെങ്കിലും ഉണ്ടാകുമോ എന്നും സംശയമാണ്.. മുരുഡേശ്വരം ഒരു വിസ്മയം തന്നെ ആണ്..
കടല്‍ തീരത്ത് തിരകളുമായി കളിക്കുമ്പോള്‍ പിന്നെയും നോക്കി..ദൂരെയായി കാണുന്ന ശിവ പ്രതിമയ്ക്കിപോള്‍ അസാമാന്യ ഭംഗി..അരുണിമയായ സന്ധ്യാകിരണങ്ങള്‍ ശിവ രൂപത്തില്‍ പ്രതിഫലിക്കുന്നു.. വാക്കുകള്‍ക്ക് അദീതമായ ദൃശ്യ ഭംഗി.. ആര്‍.എന്‍. ഷെട്ടി എന്ന ആ മഹാനെ മനസ്സില്‍ വീണ്ടും തൊഴുതു.. നന്ദി.. ഇത്രയും മനോഹരമായ ഒരു അസ്തമയം എനിക്ക് തന്നതിന്...
കടല്‍ത്തീരത്ത് നീന്തലിനായി മാത്രം വരുന്ന സഞ്ചാരികളും ഉണ്ട് ധാരാളം..വിനോദവും ഭക്തിയും ഒരു വിളിപ്പാടകലെ നില്കുന്നു... കടല്‍ക്കാറ്റ്‌ പോലെ ഊഷ്മളമായ മനസ്സോടെ ആണ് മടങ്ങിയത്.. മടക്കം അനിവാര്യമാണല്ലോ...







Tuesday, 21 October 2014

ധനുഷ്ക്കോടി എന്ന ഗോസ്റ്റ് സിറ്റി

നിര്‍ദ്ദയം ഉപേക്ഷിക്കപെട്ട എന്തിനോടും ഉള്ളില്‍ ഉറപൊട്ടിയിരുന്ന അതെ സ്നേഹമായിരുന്നു ധനുഷ്ക്കോടിയോടും തോന്നിയിരുന്നത്. ചരിത്രവും കാലവും ഉപേക്ഷിച്ചു കളഞ്ഞൊരു നഗരം.. അജ്ഞാതനായ ആരുടെയോ യാത്രകുറിപ്പുകളില്‍ തുടങ്ങിയിരുന്നു ധനുഷ്കോടിയോടുള്ള ആ പ്രണയം. എങ്കിലും ഓരോ തവണയും പല കാരണങ്ങളാല്‍ ധനുഷ്കോടി പിടി തരാതെ നിന്നു. ഏറ്റവും അവസാനത്തെ തവണ അടുത്ത് വരെ എത്തിയിട്ടും പ്രതികൂല കാലാവസ്ഥ കാരണം ധനുഷ്കോടിയിലേക്കു മാത്രം പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ എന്‍റെ വിഷമം കണ്ട് സുഹൃത്ത് ആശ്വസിപ്പിച്ചു.. അടുത്ത തവണ തീര്‍ച്ചയായും ധനുഷ്ക്കോടി പോയിരിക്കും എന്ന്‍..അങ്ങനെ മറ്റു യാത്രകളില്‍ നിന്ന വിഭിന്നമായി കുറച്ചു സുഹൃത്തുക്കള്‍ മാത്രമായി ധനുഷ്ക്കോടി എന്ന സ്വപ്നത്തിലേക്ക് ഒരു ധനു മാസത്തില്‍ ഞാന്‍ യാത്ര തിരിച്ചു..രാമേശ്വരം ആയിരുന്നു ആദ്യ ലക്ഷ്യം. അവിടെ നിന്ന്‍ 18 കി.മീ. മാത്രം അകലത്തില്‍ ആയിരുന്നു ആ ഉപേക്ഷിക്കപെട്ട നഗരം..ധനുഷ്ക്കോടിക്ക് താമസ സ്ഥലങ്ങളില്ല.. അല്ലെങ്കില്‍ സ്വന്തമായി ഒന്നും തന്നെ ഇല്ല.. തകര്‍ന്ന സ്വപ്നങ്ങളും പ്രതീക്ഷകളും അല്ലാതെ..രാമേശ്വരത്തു നിന്ന്‍ ധനുഷ്കോടി കടപ്പുറം വരെ മാത്രമേ നമ്മുടെ വാഹനത്തില്‍ പോകാനാകു..അതിനും 6 കി.മീ. അപ്പുറമുള്ള യഥാര്‍ത്ഥ ധനുഷ്ക്കോടിയിലെക്ക് പോകണമെങ്കില്‍ പ്രത്യേകം ജീപ്പുണ്ട്..ചാര്‍ജ് അല്പം കൂടുതലാണെങ്കിലും മറ്റു മാര്‍ഗമൊന്നുമില്ല. ആ മാര്‍ഗം തന്നെ ഞങ്ങള്‍ തിരഞ്ഞെടുത്തു. 

ഇനി ഒരല്‍പം പിറകോട്ട്....


ഒരു രാത്രി കാറ്റ് വന്നു നിര്‍ദ്ദയം കടപുഴക്കുന്നതിനു മുന്പ് മറ്റേതൊരു പട്ടണവും പോലെ ആയിരുന്നു ധനുഷ്കൊടിയും..ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പേറുന്ന ഒരു പട്ടണം..ശ്രീലങ്കയിലേക്കുള്ള ഇന്ത്യയുടെ വാതില്‍ എന്ന് പറയാവുന്ന, സ്കൂളുകളും, ആശുപത്രികളും, റെയില്‍വേ സ്റ്റേഷനുകളും, ബസ്‌ സ്റ്റാന്റ്കളും,പള്ളിയും അമ്പലവും ഒക്കെ ഉള്ള ഒരു ചെറു പട്ടണം. അതൊന്നുമോര്‍ക്കാതെ ഒരു രാത്രി കാറ്റ് ഈ കടല്‍ തീര പട്ടണത്തെ തകര്‍ത്തു കളഞ്ഞു..1964 ഡിസംബര്‍ 24 ..ധനുഷ്കൊടിയുടെ ചരിത്രത്തിലെ ഇരുണ്ട ദിവസം..അന്നാണ് കൊടുങ്കാറ്റ് ഈ നഗരത്തെ അമ്മനമാടിയത്..കടല്‍ ഈ നഗരത്തെയും അതിലെ ജനങ്ങളെയും കൊണ്ട് പോയത്..രാമേശ്വരത്തു നിന്ന്‍ ധനുഷ്കോടിയിലേക്കുള്ള ബോട്ട് മെയില്‍ എന്ന തീവണ്ടിയും ധനുഷ്കോടിയില്‍ നിന്ന്‍ ശ്രീലങ്ക വരെ പോകുന്ന ബോട്ടും ആയിരുന്നു ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ പണ്ട് ബന്ധിപിച്ചത്. ബോട്ട് മേയിലെന്ന ആ ട്രെയിനും അതിലെ 200 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘവും ഉള്‍പ്പെടെയാണ് അന്ന് കടല്‍ കൊണ്ട് പോയത്..അവിടുന്നിങ്ങോട്ട് കാലം ധനുഷ്ക്കൊടിയെ കറുത്ത മഷികൊണ്ട് അടയാളപ്പെടുത്തി. പ്രേത നഗരം എന്ന് വിളിച്ചു..പിന്നെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നടന്നില്ല..ധനുഷ്ക്കോടി ഇന്ന്‍ ഒരു നഗരത്തിന്റെ ശേഷിപ്പു മാത്രമാണ്. അവിടെ ഇന്ന്‍ റോഡോ കറന്റ്റോ ഇല്ല..
യാത്ര തുടരുന്നു...

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലും കടലും.. ഇതായിരുന്നു ആദ്യ കാഴ്ചയിലെ ധനുഷ്ക്കോടി.. ധനുഷ്കോടി എന്ന പേരിന്റെ അര്‍ഥം ധനുസ്സ് അഥവാ വില്ലിന്റെ അറ്റം എന്നാണ്.ഈ പേരിനു പിന്നിലുമുണ്ട് ഐതിഹ്യം.. സീതയെ വീണ്ടെടുക്കാനുള്ള യാത്രയ്ക്കിടയില്‍ രാമന്‍ രാമസേതു പണിയാനായി തന്‍റെ ധനുസ്സ് കൊണ്ടാണ് സ്ഥലം അടയാള പെടുത്തിയതെന്നും അന്ന്‍ ആ ധനുസ്സിന്റെ അറ്റം നിന്ന സ്ഥലമാണ്‌ ധനുഷ്കോടി എന്നും വായിച്ചു കേട്ട ഒരു കഥ.. കഥ എന്തുമായാലും ഈ നഗരം ഒരു ഓര്‍മപെടുത്തല്‍ തന്നെ ആണ്.. ഒന്നും ശാശ്വതമല്ലെന്ന മഹാസത്യത്തിന്റെ ഒരു നേര്‍ക്കാഴ്ച.. അവിടവിടെ ആയി മീന്‍ പിടിക്കാന്‍ വരുന്ന മുക്കുവന്മാരുടെ ചെറിയ കുടിലുകള്‍ കാണാം..ഒരു നേവി ഔട്ട്‌ പോസ്റ്റും ഉണ്ട്..പിന്നെ എല്ലാം തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍.. മുനമ്പിലേക്ക്‌ ഉള്ള യാത്രയ്ക്കിടയില്‍ കാണാവുന്നത് മണല്‍ പരപ്പ് മാത്രമാണ്.. സാഹസികമായ ഒരു യാത്രയ്ക്കപ്പുറം മുനമ്പില്‍ എത്തിയാല്‍ മുന്‍പില്‍ കാണുന്ന കാഴ്ച ഒന്ന്‍ അന്ധാളിപ്പിക്കും.. ഇവിടം അതിരു തീര്‍ക്കുന്നത് സമുദ്രങ്ങളാണ്..കടലിനും മണലിനും ഇടയില്‍ എത്ര ചെറുതാണ് നമ്മള്‍.. ഈ പ്രകൃതിയുമായി തന്നെ ആണോ മനുഷ്യന്‍ അങ്കം കുറിക്കാനൊരുങ്ങുന്നത്..! ഒരേ സമയം കടലിനു പല ഭാവങ്ങള്‍.. ആര്‍ത്തിരമ്പുന്ന കടലിനൊരു നിറം.. ശാന്തമായി ഒഴുകുന്ന കടലിനു മറ്റൊരു നിറം.. എന്‍റെ ഉള്ളിലും ഒരു കടല്‍ ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു.. കാറ്റ് വളരെ ശക്തമാണ്.. ഈ കാറ്റ് തന്നെ ആണല്ലോ ഈ നഗരത്തെ ഒരുനാള്‍ കടപുഴക്കിയത്‌.. ആകെ തളം കെട്ടി നില്‍ക്കുന്ന നിശബ്ദത.. ഓരോ കെട്ടിടാവഷിഷ്ട്ടങ്ങളും കഥ പറയുന്ന പോലെ.. കാതില്‍ ഇപ്പോള്‍ ചൂളം വിളിക്കുന്നത് കാറ്റോ കടലോ എന്ന്‍ വ്യക്തമാകുന്നില്ല.. ഇവിടമാകെ ആത്മാക്കള്‍ ചുറ്റി തിരിയുന്നുണ്ട് എന്ന്‍ മനസ്സ് പറഞ്ഞു... അസ്വസ്ഥമായ മനസ്സോടെ തിരിച്ചു പോകുമ്പോള്‍ മറ്റൊരു അത്ഭുതം കണ്ടു.. കൊടുങ്കാറ്റിനെയും അതിജീവിച്ച ഏക കെട്ടിടം.. കോതണ്ട രാമസ്വാമി ക്ഷേത്രം.. ഒരു പക്ഷെ പ്രകൃതി വികൃതി കാട്ടിയത് മനുഷ്യനോട് മാത്രം ആയിരിക്കാം.. അതെ, ധനുഷ്ക്കോടി ഒരു ഓര്‍മപ്പെടുത്തല്‍ ആണ്.. ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട ഒരു സത്യത്തിന്‍റെ ഓര്‍മപ്പെടുത്തല്‍....

മൈസൂര്‍- ശ്രാവണ ബാലഗോള

മൈസൂരിലെ രണ്ടാമത്തെ പ്രഭാതത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ തലേ ദിവസത്തെ ക്ഷീണമോ ഉറക്കച്ചടവോ അല്പം പോലും ബാക്കി ഉണ്ടായിരുന്നില്ല..മറ്റെല്ലാവരും ഉണര്‍ന്ന്‍ റെഡി ആയിരുന്നു ഞാന്‍ എണീക്കുമ്പോഴെക്ക്.പെട്ടെന്ന്‍ തന്നെ റെഡി ആയി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ കാഴ്ചകള്‍ തേടി ഇറങ്ങി.ആദ്യം ടിപ്പുവിന്‍റെ സമ്മര്‍ പാലസ്.

ടിപ്പുവിന്‍റെ സമ്മര്‍ പാലസ്


പ്രവേശന ഫീസ്‌ 5 രൂപ.മൈസൂര്‍ പാലസ് കണ്ടിറങ്ങിയത് കൊണ്ടാകണം സമ്മര്‍ പാലസിനെ പാലസ് എന്ന്‍ വിളിക്കാന്‍ തോന്നിയില്ല.ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.ഒന്നിനും ഒരു രാജകീയതയില്ല.കുറച്ചു അപൂര്‍വ്വമായ പെയിന്റിംഗുകളും ഉണ്ട്.അലസമായി എല്ലാം ഒന്ന് നോക്കി ഞങ്ങള്‍.വളരെ കുറച്ച് ഭാഗങ്ങളിലേക്കെ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ.പാലസിന്‍റെ പൂര്‍ണമായ ഒരു ചിത്രം അത് കൊണ്ട് കിട്ടിയില്ല.പാലസിന് പുറത്ത് കുതിര സവാരിക്കായി കുതിരകള്‍ അണിഞ്ഞൊരുങ്ങി നില്കുന്നുണ്ട്.കുതിരപ്പുറത്ത് ഇരുന്ന്‍ ഫോട്ടോ എടുക്കാന്‍ മാത്രമാണെങ്കില്‍ 20 രൂപ കൊടുത്താല്‍ മതി.അതല്ല കുതിര പുറത്ത് ഒന്ന് കറങ്ങി വരണം എന്നാണെങ്കില്‍ 50 രൂപ.സമ്മര്‍ പാലസില്‍ നിന്ന്‍ ടിപ്പുവിന്‍റെ ശവകുടീരവും കണ്ടു ത്രിവേണി സംഗമത്തിലേക്ക്..

ത്രിവേണി സംഗമം



കാവേരി, ഹേമാവതി, ലോക പാവനി എന്നീ മൂന്നു പുണ്യ നദികളുടെ സംഗമ സ്ഥാനമാണ്ശ്രീരംഗപട്ടണയിലെ ത്രിവേണി സംഗമം. സമീപത്തായി ധാരാളം കടകളുമുണ്ട്. നദിയില്‍ ശിവലിംഗങ്ങള്‍ കാണാം..ഹിന്ദു മത വിശ്വാസ പ്രകാരമുള്ള പുണ്യ സ്ഥലമായത് കൊണ്ട് തന്നെ പൂജാ സാധനങ്ങളും കര്‍മ്മങ്ങള്‍ ചെയ്യാനിരിക്കുന്നവരെയും ഉണ്ട് സമീപത്ത്...കൂടെ വന്നവര്‍ കിട്ടിയ അവസരം പാഴാക്കാതെ കുളിക്കാനിറങ്ങി. സമ്മര്‍ പാലസില്‍ നിന്ന്‍ വളരെ അടുത്താണെന്നത് കൊണ്ട് തന്നെയാണ് ഇവിടെ ഇത്ര സന്ദര്‍ശകര്‍..അല്ലായിരുന്നെങ്കില്‍ കാഴ്ച്ചക്കാര്‍കായി അധികമൊന്നും ഒരുക്കി വെച്ചിട്ടില്ല ഇവിടം.

ശ്രാവണ ബലഗോള


ശ്രാവണബാലഗോളയിലെക്കുള്ള ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു അത്.മൈസൂരില്‍ നിന്ന്‍ 100 കി.മീ. അകലെയുള്ള ശ്രാവണബാലഗോള ജൈന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രധാനമാണ്.ബാഹുബലി എന്നുകൂടി പേരുള്ള കൂറ്റന്‍ ഗോമതേശ്വര പ്രതിമയുടെ പേരിലാണ് ഇവിടം പ്രശസ്തം.പോകുന്ന വഴിയുള്ള കാഴ്ചകള്‍ക്കിടയില്‍ കാണാം  മലമുകളിലായുള്ള ബാഹുബലിയുടെ കൂറ്റന്‍ പ്രതിമ. ഉച്ചവെയില്‍ കത്തി നില്‍ക്കുന്ന സമയം..ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഉയരം കണ്ടപ്പോള്‍ ദൈവമേ എന്നറിയാതെ വിളിച്ചുപോയി..ബസ്സ് വീണ്ടും ഒരു വളവു കൂടെ കടന്നപ്പോള്‍ മുകളിലെക്കായി കുത്തനെ എന്നോണം കയറി പോകുന്ന പടികള്‍ കാണാനായി. .കുറച്ചു കൂടെ മുന്‍പില്‍ ആയാണ് ബസ്‌ നിര്‍ത്തിയത്..ഞങ്ങള്‍ വരുമ്പോള്‍ കണ്ട സ്റെപ്പുകള്‍ക്ക് പകരം മറ്റൊരു വഴിയിലൂടെയാണ് ഞങ്ങള്‍ പോകാനോരുങ്ങിയത്..പകുതി പേരും ഒടുക്കമെവിടെ എന്നു കാണാനാവാത്ത പടികള്‍ കണ്ടു തൃപ്തിയടഞ്ഞു കയറുന്നില്ലെന്ന്‍ തീരുമാനിച്ചു..ബാക്കിയുള്ളവരില്‍ ചിലരൊക്കെ ഞങ്ങളെ പോലെ പൊരി വെയിലില്‍ ഇവിടെ എത്തപെട്ട സഞ്ചാരികള്‍ക്കായി വെച്ചിരിക്കുന്ന തൊപ്പികളും സോക്ക്സും വാങ്ങി വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. ഒരു വിശ്വാസത്തിന്‍റെ പുറത്ത് ഇതൊന്നുമില്ലാതെ തന്നെ ഞങ്ങള്‍ കുറച്ചു പേര്‍ കയറാന്‍ തുടങ്ങി..പൊരിവെയിലിന്‍റെ ചൂടൊന്നും പടികളില്‍ ഇല്ല..ശ്രദ്ധിച്ചില്ലെങ്കില്‍ തെന്നി പോകും എന്നൊഴിച്ചാല്‍ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല  പടികള്‍ കയറാന്‍..
വളരെ ഉത്സാഹത്തില്‍ തന്നെ ആയിരുന്നു ഞങ്ങള്‍..പടികള്‍ എണ്ണിയാണു കയറാന്‍ തുടങ്ങിയതെങ്കിലും പലയിടത്തായി തെറ്റിയിരുന്നു..എങ്കിലും ഏകദേശം 500 സ്റെപ്പുകള്‍ കയറിയപോള്‍ ഒരു ചെറിയ ക്ഷേത്രം പോലെ ഒന്ന്‍..അവിടെ നിന്ന്‍ താഴോട്ട് നോക്കിയാലുള്ള കാഴ്ചകള്‍ മനോഹരമായിരുന്നു..മുകളില്‍ പോയി തിരിച്ചു വരുമ്പോള്‍ ബാക്കി കാഴ്ചകള്‍ കാണാം എന്നു തീരുമാനിച്ച് ഞങ്ങള്‍ വീണ്ടും മുകളിലോട്ടു കയറി..
 
കയ്യില്‍ വെള്ളം എടുക്കാതിരുന്നതില്‍ കുറ്റബോധം തോന്നാതിരുന്നില്ല.എടുത്തു പറയേണ്ട ഒന്ന്‍ ഒരാള്‍ക്ക് പോലും മറ്റു ക്ഷീണമൊന്നും തോന്നിയിരുന്നില്ല എന്നതാണ്. 650 ഓളം വരുന്ന പടികള്‍ കയറി ഏറ്റവും മുകളില്‍ എത്തിയാല്‍ കാണാം ഗോമതേശ്വര  ബാഹുബലിയുടെ ഒറ്റശിലയില്‍ തീര്‍ത്ത 17 മീ. ഉയരം വരുന്ന   കൂറ്റന്‍ പ്രതിമ. 20 കി.മീ അകലെ നിന്ന് പോലും വ്യക്തമായി കാണത്തക്ക വിധമാണ് പ്രതിമ. ഒരു വ്യാഴവട്ടം കൂടുമ്പോള്‍ ഇവിടെ നടക്കുന്ന 'മഹാമസ്തകാഭിഷേകം' ഏറെ പ്രശസ്തമാണ്. ആയിരക്കണക്കിന് കുടം പാല്‍, ഇളനീര്‍, നെയ്യ്, തൈര്, കുങ്കുമം, ശര്‍ക്കര, നേന്ത്രപ്പഴം, ചന്ദനകുഴമ്പ് എന്നിവ കൊണ്ട് ഗോമതേശ്വര പ്രതിമയെ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്‌.

          ഒറ്റകല്ലില്‍ തീര്‍ത്ത പ്രതിമയ്ക്ക് ശാന്തമായ മുഖഭാവം ആണു. കയോട്സര്‍ഗ എന്ന ധ്യാന രൂപത്തില്‍ ഉള്ള പ്രതിമ വിവസ്ത്രമാണ്. കണ്ണുകള്‍ ലോകത്തെ നോക്കുന്നത് പോലെ തുറന്നിരിക്കുന്നു. നീളം കൂടിയ വലിയ കാതുകള്‍ ഗൗതമ ബുദ്ധനെ ഓര്‍മിപ്പിക്കും. 24 ജൈന തീര്‍ഥങ്കരന്മാരില്‍ പ്രഥമ സ്ഥാനീയനായ അദിനാതന്‍റെ പുത്രനാണ് ബാഹുബലി.
പ്രതിമയ്ക്ക് ചുറ്റുമായുള്ള ഹാളില്‍ തീര്‍ഥങ്കരന്മാരുടെ വിവിധ ചിത്രങ്ങള്‍ കാണാം. നിശബ്ദമായി ധ്യാനത്തിലിരിക്കുന്ന വിശ്വാസികളുണ്ട് ക്ഷേത്രത്തിനകത്ത്. ക്ഷേത്രത്തിലങ്ങോളം നിലത്തും ചുമരുകളിലുമായി ആലേഖനങ്ങള്‍ കാണാം.മുകളില്‍ നിന്ന്‍ തിരിച്ചിറങ്ങുന്ന വഴി ഇടതു വശത്തായി തൂണുകളോട് കൂടിയ മണ്ഡപം പോലൊന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട ശ്രീകോവില്‍ പോലൊന്നും.പിന്നെയും എന്തൊക്കെയോ ഒളിപിച്ചു വെച്ചിട്ടുണ്ട് ആ സ്ഥലം എന്നൊരു തോന്നല്‍.അത് വരെ കൂടെ ഉണ്ടായിരുന്നവര്‍ പോലും ക്ഷീണിച്ചിരുന്നതിനാല്‍ പിന്നെ ഒറ്റയ്ക്ക് കുറച്ചു നടന്നു.പിന്നെയും മുകളിലേക്ക് കയറി പോകുന്ന സ്റെപ്പുകള്‍..പാതി കയറിയപ്പോള്‍ മനസിലായി അതും പ്രതിമയുടെ അടുത്തേക്കുള്ള വഴി തന്നെ ആണെന്ന്‍.


 

ചില സ്ഥലങ്ങള്‍ ഇങ്ങനെ ആണു..വല്ലാത്തൊരു ഊര്‍ജ്ജം നിറയ്ക്കും അവ നമ്മുടെ ഉള്ളില്‍..അങ്ങനുള്ള അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണിതെന്ന്‍ തിരിച്ചറിയുകയായിരുന്നു..ഒട്ടും മനസ്സുണ്ടായിരുന്നില്ല  തിരിച്ചിറങ്ങാന്‍.. എങ്കിലും പറഞ്ഞ സമയ പരിമിധി ഒക്കെ കഴിഞ്ഞത് കൊണ്ട് തിരിച്ചിറങ്ങി.. വീണ്ടും വരും... മനസ്സുറപ്പിച്ചു പറഞ്ഞു...വരാതിരിക്കാനാവില്ല...




 



Saturday, 13 September 2014

മൈസൂരിലേക്ക്.....

ചിങ്ങ വെയിലിനൊപ്പമെത്താന്‍ മഴ ചിണുങ്ങി കരഞ്ഞ ഒരു ഓണ നാളിലാണ്‌ മൈസൂര്‍ -ശ്രാവണബാലഗോള യാത്ര  ആരംഭിച്ചത്.പല തവണ മുന്‍പേ പോയതാണെങ്കിലും പുതുമ നഷ്ട്ടപെടാത്ത  കാഴ്ചകളാണ് മൈസൂര്‍ എന്നും ഞങ്ങള്‍ക്കായി കാത്തു വെച്ചത്.പതിവു പോലെ രാത്രി ആയിരുന്നു യാത്ര തുടങ്ങിയത്. പരിചിതമായ മുഖങ്ങള്‍.പതിവു തെറ്റാതെയുള്ള യാത്ര.ഗണേശോല്‍സവത്തിന്റെ  ഇനിയും തീര്‍ന്നിട്ടില്ലാത്ത ആഘോഷങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു വഴി നിറയെ..പുലര്‍ച്ചെയോടെ ഞങ്ങള്‍ മൈസൂരിലെത്തി.ഉറക്കച്ചടവോടെ ആദ്യ പ്രഭാതം.യാത്രയുടെ ക്ഷീണത്തെ  തണുത്തുറഞ്ഞ വെള്ളം കൊണ്ട് കഴുകി കളഞ്ഞു .എങ്കിലും ഉറക്കം അവിടവിടെയായി കണ്ണില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.ആദ്യം ഇറങ്ങിയത് സെന്റ്‌.ഫിലോമിന ചര്‍ച്ചിലേക്കായിരുന്നു.

സെന്റ്‌.ഫിലോമിന ചര്‍ച്ച്


റൂമില്‍ നിന്ന്‍ നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു ചര്‍ച്ചിലേക്ക്.പ്രവേശന ഫീസോ മൊബൈലിനും  ക്യാമറയ്ക്കും പ്രത്യേകിച്ച് നിയന്ത്രണങ്ങളൊ ഇല്ല.1936 ല്‍ പണി കഴിപ്പിച്ചതാണ്‌ ചര്‍ച്ച്. മേല്‍കൂരയില്‍ ചിത്രപണികളോടു കൂടിയ ഗ്ലാസുകള്‍ വിവിധ നിറങ്ങളുമായി ഉള്‍ഭാഗം മനോഹരമാക്കുന്നു. ക്രിസ്തുവിന്‍റെ ജനനവും ക്രൂശു മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമെല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.താഴോട്ട് വീണ്ടും പടികളിറങ്ങി ചെല്ലാം.പലപ്പോഴായി വന്നു പോയ സന്ദര്‍ശകര്‍ ചുമരുകളില്‍ കുത്തി കുറിച്ചത് കാണാം എല്ലായിടത്തും..താഴേക്ക് പിന്നെയും നില ഉണ്ടെന്ന്‍ കാണാം എങ്കിലും അങ്ങോട്ടായി വഴികളൊന്നും കണ്ടില്ല. മറ്റൊരു വഴിയിലൂടെ പുറത്ത് കടന്ന്‍ ഞങ്ങള്‍ വീണ്ടും പള്ളിയെ ഒന്ന് ചുറ്റി കണ്ടു.പുറത്ത് ചെരുപ്പുകളും കരകൌശല സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.ചെറിയ ചില പര്‍ച്ചെസിംഗ് ഒക്കെ നടത്തി ഞങ്ങള്‍ റൂമിലേക്ക് തിരിച്ചു നടന്നു.ഇന്ന് കണ്ടു തീര്‍ക്കാന്‍ മൃഗശാലയും കൊട്ടാരവും കൂടെ ഉണ്ട്.ഒട്ടും സമയം കളയാതെ ഞങ്ങള്‍ മൃഗശാലയിലേക്ക് തിരിച്ചു.

മൃഗശാലയില്‍

മുന്പ് പോയപ്പോള്‍ ഉള്ളതിലുമധികം തിരക്കായിരുന്നു മൃഗശാലയില്‍.അതില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ.പല മലയാളങ്ങള്‍.തൃശൂരിന്റെയും കോഴിക്കൊടിന്റെയും അങ്ങനെ വേര്‍ത്തിരിച്ച്‌ അറിയാവുന്ന പല ശൈലികള്‍.50 രൂപയുടെ പ്രവേശന ടിക്കറ്റുമെടുത്ത് ഞങ്ങള്‍ അകത്തു കയറി.ക്യാമറയ്ക്ക് പ്രത്യേക ഫീസുണ്ട്.എന്നാല്‍ മൊബൈല്‍ ക്യാമറയ്ക്ക് നിയന്ത്രണമൊന്നുമില്ല.അകത്തു കടന്നാല്‍ ആദ്യം പക്ഷികളുടെ വിസ്മയ ലോകമാണ്.കുഞ്ഞു ലവ് ബേര്‍ഡ്സ് കള്‍ മുതല്‍ പേരറിയാത്ത ഭീമന്‍ പക്ഷികള്‍ വരെ.മലമുഴക്കി വേഴാമ്പലും എമുവും പച്ചവര്‍ണ്ണപക്ഷികളും വെള്ളമയിലും തുടങ്ങി പക്ഷികളുടെ മാത്രമായ ഇത് വരെ കാണാത്ത  ഒരു   ലോകം.



                                    

പിന്നെയും ഉണ്ടായിരുന്നു കാഴ്ചകള്‍ ഏറെ.കടുവയും കാട്ടുപോത്തും ജിറാഫുമെല്ലാം ഞങ്ങളെ ഗൗനിക്കാതെ അവരുടെതായ ലോകത്ത് വിരാജിക്കുന്നുണ്ടായിരുന്നു.

                                     


മുന്‍പ് വന്നപ്പോള്‍ കണ്ട ആള്‍കുരങ്ങിനെ ആയിരുന്നു ഞങ്ങളെല്ലാവരും ആകാംക്ഷയോടെ തിരഞ്ഞത്.ഒരു വലിയ മനുഷ്യന്‍റെ ചേഷ്ടകളും രൂപവുമായിരുന്നു അതിനു.അത്ഭുതപെടുത്തുന്നത്ര സമാനത മനുഷ്യനുമായിട്ട്.ഇത്തവണ എന്നാല്‍ അതിനു പകരം മറ്റൊരു ആള്‍കുരങ്ങായിരുന്നു.വലുപ്പത്തില്‍ കുറച്ചു കൂടെ ചെറുത്.മുന്‍പ് ഉണ്ടായിരുന്നതിന്റെ അത്ര മനുഷ്യനുമായി രൂപ സാദൃശ്യം ഇല്ലെങ്കിലും ഫോട്ടോ എടുക്കാനും മറ്റുമായി മറ്റുള്ള സ്ഥലങ്ങളെക്കാള്‍ തിരക്കവിടെ കൂടുതലായിരുന്നു .പിന്നെയും ഉണ്ടായിരുന്നു ഒറാന്ഗൂട്ടാനും ചിമ്പാന്‍സിയും ഒക്കെ.
ഉച്ച മയക്കത്തില്‍ ആയിരുന്ന ചീറ്റപ്പുലി ബഹളം കാരണം ഉണര്‍ന്ന്‍ നീരസത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.





തലയെടുപ്പോടെ സീബ്ര കൂട്ടങ്ങള്‍..മാനുകള്‍..കൂട്ടത്തില്‍ വേറിട്ടൊരു വെള്ള മാനും..കരടിയും ചെന്നായും എന്നു വേണ്ട കാട്ടു മൃഗങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നതെല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു.ആദ്യ കാഴ്ച്ചയുടെ ആവേശത്തില്‍ മറന്നു പോയ വിശപ്പ് സര്‍വ്വശക്തിയോടെയും തിരിച്ചെത്തിയിരുന്നു.ഉച്ചവെയിലിന്റെ ക്ഷീണവും കണ്ടാലും തീരാത്ത കാഴ്ചകളും..
വിശദമായ നിരീക്ഷണത്തിനു നില്‍ക്കാതെ നടത്തം കുറച്ചൊന്നു വേഗത്തിലാക്കി..ഇടയ്ക്ക് പലതരം പാമ്പുകള്‍ ചേര്‍ന്നൊരുക്കിയ കാഴ്ചയുടെ മറ്റൊരു വിരുന്നും .പിന്നെയും നടന്നപ്പോള്‍  വെയില്‍ കാഞ്ഞു കിടക്കുന്ന നിരവധി മുതലകള്‍.ഇറങ്ങാന്‍ നേരത്താണ് എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുന്ന കാട്ടിലെ രാജാവിനെ കണ്ടത്.അടുത്ത് തന്നെ ആഫ്രിക്കന്‍ ആനകളും.പിന്നെയും കാഴ്ചകള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും സമയവും വിശപ്പും സമ്മതിക്കാത്തത് കൊണ്ട് ഞങ്ങള്‍ തിരിച്ചിറങ്ങി..ബസ്സിലേക്കും പിന്നെ റൂമിലേക്കും...ഭക്ഷണം കഴിച്ച് വിശ്രമത്തിന് നില്‍ക്കാതെ ഞങ്ങള്‍ വീണ്ടും കാഴ്ചകള്‍ തേടി ഇറങ്ങി..മൈസൂര്‍ കൊട്ടാരമായിരുന്നു ലക്ഷ്യം.

മൈസൂര്‍ പാലസിലേക്ക് ...



ആദ്യമേ നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ ചെരിപ്പ് ബസ്സില്‍ അഴിച്ചു വെച്ചാണ് ഞങ്ങള്‍ ഇറങ്ങിയത്.പൈസ കൊടുത്ത് സൂക്ഷിക്കാന്‍ സ്ഥലമുണ്ട് എങ്കിലും സമയം കുറെ നഷ്ട്ടമാകും.ഫോട്ടോഗ്രഫിക്ക് കര്‍ശന നിയന്ത്രണമുണ്ട് പാലസിനുള്ളില്‍.പ്രധാന ഗേറ്റ് കടന്നാല്‍ പുറമേ നിന്ന്‍ പാലസിന്റെ ഫോട്ടോകള്‍ എടുക്കാം.നടന്നു കാണാന്‍ മടിയുള്ളവര്‍ക്ക്  പാലസിനു ചുറ്റും കാണാന്‍  പ്രത്യേക വാഹനമുണ്ട്.

ഈ കൊട്ടാരത്തിന്റെ ശില്പ ഭംഗി കാണാനും ചരിത്രമറിയാനുമായി മാത്രം മൈസൂരിലെക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം മതി മൈസൂര്‍ കൊട്ടാരത്തിന്റെ പ്രാധാന്യം വ്യക്തമാകാന്‍.
വാടിയാര്‍ രാജവംശത്തിനായി 1897 ല്‍ ആണു മൈസൂര്‍ കൊട്ടാരത്തിന്റെ നിര്‍മാണം തുടങ്ങിയത്.1912 ല്‍ പണി പൂര്‍ത്തിയായ കൊട്ടാരം ഹിന്ദു-മുസ്ലിം-രാജ്പുട്ട്-ഗോതിക് നിര്‍മ്മാണ ശൈലിയില്‍ ആണു നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് പെയിന്റിംഗ് ദര്‍ബാര്‍ ഹാളുകളിലെ മേല്കൂരയ്ക്ക് മോടി കൂട്ടുന്നു.3 നിലയുള്ള കൊട്ടാരത്തിലെ ചിത്ര പണികളും അലങ്കാരങ്ങളും അതിശയിപ്പിക്കുന്നതാണ്.പല തരത്തിലുള്ള അലങ്കാര വിളക്കുകളും കിടപിടിക്കാനാത്ത കൊത്തു പണികളോടു കൂടിയ രാജകീയമായ ഇരിപ്പിടങ്ങളും.രാജവംശത്തിന്റെ ഫോട്ടോകളും പെയിന്റിങ്ങുകളും ഗാലറിയില്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.കൊട്ടാരത്തിനകത്ത് തന്നെ ഒരു കല്യാണ മണ്ഡപവും രണ്ടു ദര്‍ബാര്‍ ഹാളുകളും ഉണ്ട്.ഇവിടെ എത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപെടുതാത്ത വിധമാണ് കൊട്ടാരത്തിന്‍റെ രൂപ ഭംഗി.
കൊട്ടാരത്തിനു പുറത്തിറങ്ങിയാല്‍ ചുറ്റുമായുള്ള പൂന്തോട്ടം നടന്നു കാണാം.അലങ്കരിച്ച ആനപുറത്ത് പണം കൊടുത്ത് കയറുകയുമാകാം.കൊമ്പൌണ്ടിനകത്തു തന്നെ 12 ക്ഷേത്രങ്ങളുണ്ട്.ചരിത്രം തിരഞ്ഞു വരുന്ന വിദേശികള്‍ക്ക് മുന്‍പില്‍ ഗൈഡുകള്‍ ഓരോന്നിന്റെയും കഥകള്‍ നിരത്തുന്നു..കുറച്ച് ഷോപ്പിംഗ്‌ ലക്ഷ്യം വെച്ച് ഞങ്ങള്‍ കൊട്ടാരത്തില്‍ നിന്ന്‍ പുറത്തിറങ്ങി.ഇതു കൂടെ ആയാല്‍ ഇന്നത്തെ കാഴ്ചകള്‍ കഴിഞ്ഞു..ഇനി വിശ്രമം..നാളെ വീണ്ടും കാണാകാഴ്ചകളിലേക്ക്..